മാള: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ മാള പഞ്ചായത്തിലെ വനിതാ സാരഥികൾ തമ്മിൽ വാട്‌സ് ആപ്പ് ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പ് പോര്. ഭരണത്തിന് നേതൃത്വം നൽകുന്നവർ തമ്മിലുള്ള പോര് മുറുകിയതോടെ പല അംഗങ്ങളും മറ്റൊരു ഗ്രൂപ്പ് തുടങ്ങിയതായും സൂചനയുണ്ട്.
ബാങ്ക് അക്കൗണ്ട് തുടങ്ങിയത് മുതൽ കർമ്മസേന അംഗങ്ങളെ നിശ്ചയിച്ചതും വാട്‌സ് ആപ് ഗ്രൂപ്പിലെ അഡ്മിനെ നിശ്ചയിച്ചതും വാഹനം വിട്ടുനൽകുന്നതും അടക്കമുള്ള വിഷയങ്ങളിലെ വിയോജിപ്പുകളും തർക്കങ്ങളുമാണ് ഗ്രൂപ്പിന് പുറത്ത് കടന്നത്.
കൊവിഡ് രോഗികളെ താമസിപ്പിക്കാനുള്ള കേന്ദ്രം ഒരുക്കിയതും അതിനു നേതൃത്വം നൽകിയതും അടക്കമുള്ള വിഷയങ്ങളിൽ രൂക്ഷമായ തർക്കങ്ങളാണ് നിലനിൽക്കുന്നത്. സി.പി.എം, സി.പി.ഐ പ്രതിനിധികൾ തർക്കത്തിലായത് ഇരു പാർട്ടികൾക്കും തലവേദനയാകുന്നുണ്ട്.
പാർട്ടിയുമായി ബന്ധപ്പെട്ട വിഷയമല്ലെങ്കിലും ഈ പെൺ പോര് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ കൂട്ടായ്മയെ വരെ ബാധിക്കുമെന്നാണ് ആശങ്ക. അർഹമായ പരിഗണന കിട്ടാത്തതും അർഹതയില്ലാത്തത് കിട്ടിയതും അധികാര തർക്കങ്ങളുടെ കാരണമാകുന്നുണ്ടത്രെ.
പഞ്ചായത്ത് വാഹനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകുന്നില്ലെന്നും ഒരു മെമ്പർ ആക്ഷേപം ഉന്നയിച്ചു. ധനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനോ ഭരണസമിതിയോ അറിയാതെയാണ് ബാങ്ക് അക്കൗണ്ട് തുടങ്ങിയതെന്നുമുള്ള ഭരണപക്ഷത്തിലെ അംഗങ്ങളുടെ വിയോജിപ്പ് സംബന്ധിച്ച സംഭാഷണങ്ങളും പ്രചരിക്കുന്നുണ്ട്.
കൊവിഡ്പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരുമിച്ച് നിന്ന് നേതൃത്വം നൽകേണ്ട ഭരണ സാരഥികൾ പരസ്യമായി സ്വന്തം താത്പര്യത്തിനായി അങ്കം വെട്ടുന്നത് കർമ്മ സേനാ അംഗങ്ങളെ നിരാശപ്പെടുത്തുന്നുണ്ട്. ഈ തർക്കങ്ങൾ പരിധി വിട്ടപ്പോഴാണ് മറ്റൊരു വാട്‌സ് ആപ് ഗ്രൂപ്പ് രൂപീകരിക്കാൻ ഇടയാക്കിയതത്രെ.
ഒരേ ആവശ്യത്തിന് ഗ്രൂപ്പ് തിരിഞ്ഞ് ഗ്രൂപ്പുകൾ രൂപീകരിക്കുകയും പരസ്പരം ശത്രുക്കളായി നിന്ന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കുന്നവിധം തെറ്റായ സന്ദേശം സമൂഹത്തിന് നൽകുന്നതും ഇരു പാർട്ടികളും ഇടപെട്ട് പരിഹരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ യോഗം വിളിച്ചു ചേർക്കാനും എൽ.ഡി.എഫിന് കഴിയുന്നില്ല. എന്നാൽ ഇരു പാർട്ടി നേതാക്കളുടെയും ശ്രദ്ധയിൽ ഈ ഏകോപനമില്ലായ്മയും തർക്കങ്ങളും സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും വന്നിട്ടുണ്ട്.
ചരിത്രത്തിലാദ്യമായി മാള ഗ്രാമപഞ്ചായത്ത് ഭരണത്തുടർച്ച എൽ.ഡി.എഫിന് ലഭിച്ചിട്ടും പെൺ പോരിൽ കുരുങ്ങി ഭരണ നേട്ടങ്ങളുടെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും ശോഭ കെടുത്തുമെന്നാണ് നേതാക്കളുടെ ആശങ്ക. ആർക്കൊക്കെ എന്തൊക്കെ അധികാരങ്ങളും പരിമിതികളും ഉണ്ടെന്ന കാര്യത്തിൽ പോരിനിറങ്ങിയ സാരഥികൾക്ക് അറിയാത്ത അവസ്ഥയും നിലവിലുണ്ട്.
കൊവിഡ് സംബന്ധിച്ച അറിയിപ്പുകളും നിർദേശങ്ങളും സ്ഥിരം സമിതി അദ്ധ്യക്ഷയെ അറിയിക്കേണ്ടതുണ്ടോ ഇല്ലയോ എന്നുള്ളതും ഈ വാട്‌സ് ആപ് ഗ്രൂപ്പിലെ ഗ്രൂപ്പ് പോരിൽ വിഷയമായിട്ടുണ്ട്. പരിമിതമായ അറിവും അറിവില്ലായ്മയും മാള പഞ്ചായത്ത് ഭരണ സാരഥികൾക്ക് തർക്കങ്ങളും ആക്ഷേപങ്ങളും ഗ്രൂപ്പിൽ പോരടിക്കാനുള്ള കാരണങ്ങളാണ്. പാർട്ടി നയങ്ങളുടേയും ആലോചനകളുടേയും പേരിലല്ലാതെ രണ്ട് വിഭാഗമായി നിന്ന് ഭരണ പക്ഷത്തെ നേതൃത്വം നൽകുന്നവർ ഏറ്റുമുട്ടുമ്പോൾ കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾ ആര് ഏകോപിപ്പിക്കുമെന്നാണ് കർമ്മ സമിതിക്കിടയിലെ ആശങ്ക.
മുൻ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലഘട്ടത്തിൽ കൊവിഡ്പ്രതിരോധ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ പദ്ധതി തയ്യാറാക്കി നടപ്പാക്കി പ്രശംസ നേടിയിരുന്നു.