കൊടുങ്ങല്ലൂർ: സമ്പൂർണ ലോക് ഡൗൺ ആരംഭിച്ചതോടെ കൊടുങ്ങല്ലൂരിൽ പൊലീസ് നിയന്ത്രണം കടുപ്പിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടിയും, അത്യാവശ്യക്കാരെ വിട്ടയച്ചും നഗരത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു.
കൊടുങ്ങല്ലൂരിന്റെ വിവിധയിടങ്ങളിൽ പൊലീസ് പിക്കറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ലോക് ഡൗൺ ചരക്ക് ഗതാഗതത്തെ ബാധിച്ചിട്ടില്ല. എന്നാൽ അനാവശ്യമായി കറങ്ങാനിറങ്ങുന്നവർക്ക് പൊലീസിന്റെ പിടി വീഴുന്നുണ്ട്. ലോക് ഡൗൺ നിയമങ്ങൾ പാലിക്കുന്നതിന് പൊലീസിനെ സഹായിക്കാനായി റാപിഡ് റെസ്‌പോൺസ് ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്.
ജില്ലാ അതിർത്തിയായ കോട്ടപ്പുറം പാലത്തിൽ പൊലീസ് പരിശോധന രാവിലെ മുതൽ ആരംഭിച്ചു. എറിയാട് ചന്ത, അഴീക്കോട് പുത്തൻപള്ളി എന്നിവിടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. നഗരത്തിലെ വടക്കെ നടയിലും, ചന്തപ്പുര ടൗൺ ഹാളിന് മുൻപിലും പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചാണ് പരിശോധന നടത്തുന്നത്.
വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് കൊടുങ്ങല്ലൂർ സബ് ഇൻസ്‌പെക്ടർ എൻ. മുഹമ്മദ് റഫീക്ക് പറഞ്ഞു.