അന്തിക്കാട്: റീബിൽഡ് കേരളയുടെ ഭാഗമായി അന്തിക്കാട് പഞ്ചായത്തിലെ 4, 5, 6 വാർഡുകളിലെ വീണ്ടെടുത്ത ഉൾചാലുകളിലെ ഇരു വശങ്ങളിലും കയർ ഭൂവസ്ത്രം വിരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. കോൾ മേഖലയുമായി ബന്ധപ്പെട്ട മൂന്ന് വാർഡുകളിലെ ഉൾ ചാലുകളിൽ ഭൂരിഭാഗവും വീണ്ടെടുത്തു കഴിഞ്ഞു.
രണ്ടര കിലോമീറ്റർ ദൂരത്തിൽ വീണ്ടെടുക്കുന്ന തോട് കയർ ഭൂവസ്ത്രം അണിയിച്ച് സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
മഴക്കാലം എത്തുന്നതിന് മുമ്പേ പദ്ധതി പൂർത്തികരിക്കുന്നതിനായാണ് ലോക്ക് ഡൗൺ തുടങ്ങിയിട്ട് പോലും പ്രത്യേക അനുമതിയോടെ കയർ ഭൂവസ്ത്രം ശനിയാഴ്ച അന്തിക്കാട് എത്തിച്ചത്. കൊവിഡ് പ്രൊട്ടോകോൾ അനുസരിച്ചാണ് അനുബന്ധ ജോലികൾ പുരോഗമിക്കുന്നത്.
92 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. വർഷകാലത്തെ വെള്ളക്കെട്ട് ഒഴിവാക്കി മഴവെള്ളം സുഗമമായി കോൾ പാടശേഖരത്തിലേക്ക് ഒഴുകിപ്പോകുന്നതിന് ചാലുകളുടെ വീണ്ടെടുപ്പ് സഹായകരമാകും. കൂടാതെ വേനലിൽ ആരംഭിക്കാനിരിക്കുന്ന ജലസേചന പദ്ധതിയിൽ നിന്നുള്ള ശുദ്ധജലം ഈ തോടുകളിലൂടെ ഒഴുക്കി പാടശേഖരത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യം കൂടി പദ്ധതിക്കുണ്ട്.
ഇത് പൂർത്തിയാകുന്നതോടെ മൂന്ന് വർഡുകളിലെയും ജലസ്രോതസുകൾ സജീവമാക്കുന്നതിനും, അതുവഴി ഈ പ്രദേശത്തെ കുളങ്ങളും കിണറുകളും വറ്റിപോകാതെ സംരക്ഷിക്കുന്നതിനും കഴിയും. കഴിഞ്ഞ രണ്ട് പ്രളയങ്ങളും ഏറെ നാശം വിതച്ച പ്രദേശമാണ് അന്തിക്കാട്ടെ കല്ലിടവഴി എന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാർ പദ്ധതിയെ കാണുന്നത്.
ഭൂവസ്ത്രം വിരിക്കുന്നവിധം
ആലപ്പുഴയിൽ നിന്ന് അന്തിക്കാട് കല്ലിട വഴിയിൽ എത്തിച്ച കയർ ഭൂവസ്ത്രം നിശ്ചിത അളവിൽ പാകപ്പെടുത്തിയാണ് വിരിക്കുക. മുളംകുറ്റികൾ കൊണ്ട് അടിച്ചുറപ്പിച്ചതിന് ശേഷം മണ്ണിടിച്ചിൽ തടയുന്നതിന് വേണ്ടി രാമച്ചം വച്ചു പിടിപ്പിക്കും.