ചാലക്കുടി: ചാലക്കുടിപ്പുഴയിൽ വീണുകിടക്കുന്ന കണ്ടെയ്‌നർ ലോറി പുറത്തെടുക്കണമെന്ന ആവശ്യവുമായി മേലൂർ പഞ്ചായത്ത് ഭരണസമിതിയും രംഗത്ത്. തിങ്കളാഴ്ച ചേരുന്ന പ്രത്യേക യോഗത്തിൽ പ്രസ്തുത പ്രശ്‌നത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന പ്രമേയം പാസാക്കും.

കഴിഞ്ഞ ദിവസം ചാലക്കുടി നഗരസഭയിലെ എൽ.ഡി.എഫ് അംഗങ്ങൾ മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. പുഴയുടെ നടുവിലാണ് കണ്ടെയ്‌നർ കിടക്കുന്നത് എന്നതിനാൽ നഗരസഭയ്ക്ക് പുറമെ മേലൂർ പഞ്ചായത്തിനും പ്രശ്‌നത്തിൽ ഉത്തരവാദിത്വമുണ്ടെന്ന് പ്രസിഡന്റ് എം.എസ്. സുനിത നയിക്കുന്ന പഞ്ചായത്ത് ഭരണസമിതി വിലയിരുത്തുന്നു.

യു.ഡി.എഫ് ഭരിക്കുന്ന ചാലക്കുടി നഗരസഭ പ്രശ്‌നത്തിൽ അലംഭാവം കാട്ടുന്നുവെന്നും മേലൂർ പഞ്ചായത്ത് വിലയിരുത്തുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഭരണസമിതി മുഖ്യമന്ത്രിയെ സമീപിക്കുന്നത്.