തൃശൂർ : കൊവിഡ് കാലത്തെ പട്ടിണിയില്ലാതിരിക്കാൻ ഭക്ഷ്യ ധാന്യ സംഭരണ ശാലകളിൽ കേന്ദ്രത്തിൽ നിന്നുള്ള അരിയെത്തി. മുൻഗണനാ പട്ടികയിലുള്ളവർക്ക് കേന്ദ്രം അനുവദിച്ച അഞ്ച് കിലോ വീതമുള്ള അരിക്ക് പുറമെ സാധാരണ വിതരണം ചെയ്യാനുള്ള റേഷൻ വിഹിതം ഉൾപ്പെടെ 30,500 മെട്രിക് ടൺ അരിയാണ് രണ്ട് എഫ്. സി. ഐ ഗോഡൗണുകളിലെത്തിയത്.
പാവപ്പെട്ടവർക്ക് സൗജന്യമായി നൽകുന്ന അഞ്ച് കിലോ അരിക്കുള്ള ജില്ലയുടെ വിഹിതമായ 11,500 മെട്രിക് ടൺ അരി മുളങ്കുന്നത്ത് കാവിലും, 5000 മെട്രിക് ടൺ ചാലക്കുടിയിലുമാണെത്തിയത്. പഞ്ചാബ്, മദ്ധ്യപ്രദേശ്, ആന്ധ്ര ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് അരിയെത്തുന്നത്.
കൊവിഡ് നിയന്ത്രണ മാനദണ്ഡം നിലനിൽക്കുന്നുണ്ടെങ്കിലും ഗോഡൗണുകളിലെത്തുന്ന ഭക്ഷ്യവസ്തുക്കൾ ഇറക്കാൻ തൊഴിലാളികൾക്ക് ഇളവ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ലോക് ഡൗണിൽ ഭക്ഷ്യധാന്യം വാഗണുകളിൽ നിന്ന് ഇറക്കാനും അവിടെ നിന്ന് സിവിൽ സപ്ലൈസ് വകുപ്പിന്റെ ഗോഡൗണുകളിലേക്ക് കയറ്റാനും രാപ്പകൽ വ്യത്യാസം ഇല്ലാതെ തൊഴിലാളികൾ രംഗത്തുണ്ടായിരുന്നു. സംസ്ഥാന സർക്കാർ ഒരു വർഷത്തിലേറെയായി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യക്കിറ്റും അടുത്തദിവസങ്ങളിൽ ഇതോടൊപ്പം റേഷൻകടകളിലെത്തിയേക്കും.
സൗജന്യ റേഷനുള്ള അരി
മുളങ്കുന്നത്ത്കാവ് ഗോഡൗൺ 11500 മെട്രിക് ടൺ
ചാലക്കുടി 5000 മെട്രിക് ടൺ
സാധാരണ റേഷൻ വിഹിതം
മുളങ്കുന്നത്തുകാവ് 8000 മെട്രിക് ടൺ
ചാലക്കുടി 6000 മെട്രിക് ടൺ
തൊഴിലാളികളെ തടയുന്നുവെന്ന്
എഫ്.സി.ഐയിലെ കയറ്റിറക്ക് തൊഴിലാളികളെ ലോക് ഡൗൺ കാലത്ത് അവശ്യ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ജോലിക്കെത്തുന്ന ഇവരെ പൊലീസ് തടയുന്നതായി പരാതി. തിരിച്ചറിയൽ കാർഡും സത്യവാങ് മൂലവും കൈവശം ഉണ്ടായിട്ടും പൊലീസ് തടഞ്ഞു നിറുത്തി പിഴ അടപ്പിക്കുകയാണെന്നും ഇവർ പറഞ്ഞു. ഇക്കാര്യത്തിൽ ബന്ധപെട്ടവർക്ക് കളക്ടർ നിർദ്ദേശം നൽകണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപെട്ടു.