thalappoli

തിരുവില്വാമല: കൊവിഡ് വ്യാപന സാഹചര്യത്തിൽ പറക്കോട്ടുകാവ് താലപ്പൊലി ആഘോഷം ചടങ്ങുകളിലൊതുക്കി. ഭഗവതിക്കോലവും ഓലക്കുടയും മുത്തുകുടയുമായി പാണികൊട്ടി കൊണ്ടാണ് ഇക്കുറി താലപ്പൊലി എഴുന്നള്ളത്ത് നടന്നത്.

കിഴക്കുമുറി ദേശം മല്ലിച്ചിറ അയ്യപ്പൻ കാവിൽ നിന്നും വാൽക്കണ്ണാടിയിൽ ആവാഹിച്ച ഭഗവതി കോലവുമായി ക്ഷേത്രം ശാന്തി കുന്നത്തുമന ഹരി നമ്പൂതിരിയുടെ നേതൃത്വത്തിൽ എഴുന്നള്ളിപ്പ് നടത്തി. പടുഞ്ഞാറ്റുമുറി ദേശം ഓടിട്ട കൂട്ടാല ക്ഷേത്രത്തിൽ നിന്നും വാൽക്കണ്ണാടിയിൽ ഭഗവതിയുടെ കോലം എഴുന്നള്ളിച്ചു.

ദേശഭാരവാഹി അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു എഴുന്നള്ളത്ത് ചടങ്ങുകൾ നടന്നത്. പാമ്പാടി ദേശം പാമ്പാടി മന്ദത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്നും വാൽക്കണ്ണാടിയിൽ ഭഗവതിക്കോലം എഴുന്നള്ളിച്ചു. എഴുന്നള്ളിപ്പിന് അജയ്കൃഷ്ണൻ നേതൃത്വം നൽകി. പറക്കോട്ട്കാവ് താലപ്പൊലി പാറയിൽ സംഗമിച്ച എഴുന്നള്ളിപ്പുകൾ സംയുക്തമായി കാവിലേക്ക് കൂട്ടിയെഴുന്നള്ളിപ്പ് നടത്തി.

ക്ഷേത്രത്തിലെത്തിയ എഴുന്നള്ളിപ്പ് ക്ഷേത്രകോമരം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അരിയെറിഞ്ഞ് സ്വീകരിച്ച് ആനയിച്ചു. ഭഗവതി ക്ഷേത്ര സന്നിധിയിൽ പ്രതീകാത്മക ചെണ്ടമേളത്തോടെ മൂന്നുദേശത്തിന്റെയും എഴുന്നള്ളിപ്പ് കാവേറിയതോടെ ഈ വർഷത്തെ താലപ്പൊലി ആഘോഷങ്ങൾ അവസാനിച്ചു.