മാള: കൊടുങ്ങല്ലൂർ മണ്ഡലത്തിലെ ആറ് പഞ്ചായത്തിലും നഗരസഭയിലും വിപുലമായ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് നിയുക്ത അഡ്വ. വി.ആർ സുനിൽകുമാർ. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിൽ ഒരുക്കിയ പ്രവർത്തനങ്ങൾ അദ്ദേഹം നേരിൽ കണ്ട് വിലയിരുത്തി. മണ്ഡലത്തിലെ വിവിധ ഡൊമിസിലറി കെയർ കേന്ദ്രങ്ങളിലായി 295 കിടക്കകളും മറ്റ് പ്രാഥമിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മുസ്‌രിസ് ഹെറിറ്റേജ് സെന്ററും, മാളയിലെ നീം കെയർ ഹോസ്പിറ്റലും, 200 കിടക്കകളുളള കോൾക്കുന്നിലെ വിജയഗിരി സ്‌കൂൾ ഹോസ്റ്റലും ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളായി പ്രവർത്തിക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രോഗികളെ കൊണ്ടുപോകുന്നതിന് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്ററും ഹെൽപ്പ് ഡെസ്‌ക്കും, വാർഡ് തലത്തിൽ ആർ.ആർ.ടി പ്രവർത്തകരും സജീവമായി രംഗത്തുണ്ടെന്നും സുനിൽകുമാർ പറഞ്ഞു.
അഥിതി തൊഴിലാളികളുടെ കണക്കുകൾ ശേഖരിച്ച് ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും നൽകും. ഭക്ഷണം ലഭ്യമല്ലാത്ത രോഗികൾക്കായി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സമൂഹ അടുക്കള ആരംഭിച്ചിട്ടുണ്ടെന്നും സുനിൽകുമാർ പറഞ്ഞു.