തൃശൂർ: 3753 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 1929 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 49,958 ആണ്. തൃശൂർ സ്വദേശികളായ 98 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.
ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,81,232 ആണ്. 1,30,359 പേരാണ് രോഗമുക്തരായത്.
ഇന്നലെ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് 31.34% ആണ്. സമ്പർക്കം വഴി 3,730 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ അഞ്ച് പേർക്കും, 12 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത ആറ് പേർക്കും രോഗബാധ ഉണ്ടായി.
കുഴൽപ്പണക്കവർച്ച: പരാതിക്കാരനെയും ഡ്രൈവറെയും
വീണ്ടും ചോദ്യം ചെയ്യും
തൃശൂർ: കൊടകരയിൽ കാർ തട്ടിക്കൊണ്ടുപോയി കുഴൽപ്പണം കവർന്ന കേസിൽ പരാതിക്കാരനായ ധർമ്മരാജിനെയും ഡ്രൈവറെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും.
കുഴൽപ്പണക്കടത്ത് ആസൂത്രണം ചെയ്ത മുഖ്യ പ്രതിയിൽ നിന്നും കിട്ടിയ വിവരങ്ങളുടെയും ഫോൺ വിളി രേഖകളുടെയും അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. വണ്ടിയിലുണ്ടായിരുന്ന 25 ലക്ഷം നഷ്ടപ്പെട്ടെന്ന് ആർ.എസ്.എസ് പ്രവർത്തകനും കോഴിക്കോട്ടെ വ്യവസായിയുമായ ധർമ്മരാജനാണ് കൊടകര പൊലീസിൽ ഡ്രൈവർ വഴി പരാതി നൽകിയത്. ഈ പണം കൊടുത്തയച്ചത് യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്കാണെന്ന് അന്വേഷണച്ചുമതലയുണ്ടായിരുന്ന എസ്.പി ജി. പൂങ്കുഴലി വെളിപ്പെടുത്തിയിരുന്നു.
എന്നാൽ ഇത് സാമ്പത്തിക കുറ്റകൃത്യമായതിനാൽ കേരള പൊലീസിന് സുനിൽ നായിക്കിനെ ചോദ്യം ചെയ്യാനാവില്ല. കേന്ദ്ര ഏജൻസിയായ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനാണ് ചോദ്യം ചെയ്യാനാകുക. അന്വേഷണമേറ്റെടുത്ത മേഖലാ ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണ പുരോഗതി ഇന്ന് വിലയിരുത്തും. അതിന് ശേഷമാകും ചോദ്യം ചെയ്യലും അന്വേഷണവും. 25 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതിയിൽ അന്വേഷണം തുടങ്ങിയ പൊലീസ് ഇതിനകം 47.5 ലക്ഷം പ്രതികളിൽ നിന്ന് കണ്ടെടുത്തു.
കാറിൽ മൂന്നരക്കോടിയുണ്ടായിരുന്നെന്നും കർണ്ണാടകയിൽ നിന്നാണ് പണമെത്തിയതെന്നും പൊലീസിന് സൂചന ലഭിച്ചിരുന്നു. കേസ് ദേശീയപാർട്ടിയിലേക്കെത്തുന്നത് തടയാൻ പൊലീസിനെ സ്വാധീനിക്കാൻ ശ്രമിച്ച അഭിഭാഷകനെ ചോദ്യം ചെയ്യാനും സാദ്ധ്യതയുണ്ട്. ഏപ്രിൽ മൂന്നിന് രാവിലെ 4.30നാണ് കൊടകര മേൽപ്പാലത്തിന് സമീപം വാഹനാപകടമുണ്ടാക്കി പണം തട്ടിയത്. 19 പ്രതികൾ പിടിയിലായി. കവർച്ചയ്ക്ക് ഉപയോഗിച്ച മൂന്ന് കാറുകളും കണ്ടെത്തി.