കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രിയിലേക്ക് രണ്ട് ഇമേജിംഗ് പ്ലേറ്റ്‌സ് ആൻഡ് കാസറ്റ്‌സ് നൽകി ദമ്പതികൾ. പുല്ലൂറ്റ് മാലാന്ത്ര കുടുംബാംഗമായ എൻജിനിയർ രാജപ്പനും ഭാര്യ കെ.കെ.ടി.എം കോളേജിലെ റിട്ട. പ്രൊഫ. സതിയുമാണ് താലൂക്ക് ആശുപത്രിയിലേക്ക് 1,57,000 രൂപ വില വരുന്ന രണ്ട് ഇമേജിംഗ് പ്ലേറ്റ്‌സ് ആൻഡ് കാസറ്റ്‌സ് സമർപ്പിച്ചത്. കഴിഞ്ഞ വർഷം താലൂക്ക് ആശുപത്രിയിലേക്ക് ദമ്പതിമാർ ഒരു ലക്ഷത്തിലധികം വിലവരുന്ന 12 ഇൻഫ്രാറെഡ് തെർമോ മീറ്ററുകൾ സമ്മാനിച്ചിരുന്നു. കൂടാതെ മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഇവർ മുന്നിലാണ്.
താലൂക്ക് ആശുപത്രിയിൽ നിലവിലുള്ള എക്‌സ്‌റേ മെഷീൻ പഴയ ടെക്നോളജിയിൽ പ്രവർത്തിക്കുന്നതിനാൽ സാങ്കേതികമായി നിരവധി പരിമിതികളുണ്ടായിരുന്നു. ഇമേജിംഗ് പ്ലേറ്റ്‌സ് ആൻഡ് കാസറ്റ്‌സ് ലഭിക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ദമ്പതികളുടെ മാതൃകാപരമായ പ്രവർത്തനത്തെ നഗരസഭ വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ അഭിനന്ദിച്ചു. ഇതെല്ലാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും എൻജിനിയർ രാജപ്പൻ പറഞ്ഞു.