കയ്പമംഗലം: സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വന്നതോടെ തീരദേശ മേഖല പൂർണമായും പൊലീസ് നിയന്ത്രണത്തിലായി. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് പൊതുജനങ്ങൾ പുറത്തിറങ്ങുന്നത്. ഇതോടെ റോഡുകൾ വിജനമായി. മൂന്നുപീടിക സെന്ററിലും, മതിലകം സെന്ററിലും പൊലീസ് ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധന കർശനമാക്കി.
പൊലീസിന് സഹായമായി ദ്രുത കർമ്മസേനയും, സിവിൽ ഡിഫൻസ് സേനയും രംഗത്തുണ്ട്. എടത്തിരുത്തി, മതിലകം, കയ്പമംഗലം, പെരിഞ്ഞനം പഞ്ചായത്തുകളിലെ മിക്ക വാർഡുകളും നേരത്തെ തന്നെ കണ്ടെയ്ൻമെന്റ് സോണാക്കിയിരുന്നു. ഇവിടെ അവശ്യ സാധനങ്ങൾ ലഭിക്കുന്ന കടകൾ മാത്രമെ തുറന്നു പ്രവർത്തിക്കുന്നുള്ളു.
ലോക്ക്ഡൗൺ ലംഘിച്ചതിനും, അനാവശ്യമായി പുറത്തിറങ്ങിയതിനും മതിലകത്ത് ഒരു കേസും, കയ്പമംഗലത്ത് മൂന്ന് കേസും എടുത്തതായി പൊലീസ് പറഞ്ഞു. മതിലകം സി.ഐ: കെ.സി വിനു, കയ്പമംഗലം എസ്.ഐ: നവീൻ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.