ചാലക്കുടി: കൊവിഡിന്റെ താണ്ഡവം തുമ്പൂർമുഴി വിനോദ സഞ്ചാര മേഖലയുടെ നട്ടെല്ലൊടിച്ചു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വികസിപ്പിച്ചെടുത്ത പ്രവൃത്തികളുടെ നേട്ടങ്ങളാണ് കൊവിഡിന്റെ രണ്ടു തരംഗങ്ങളായുള്ള കലിതുള്ളൽ നിഷ്പ്രഭമാക്കിയത്.

ആദ്യ ലോക്ക് ഡൗണിന് മുമ്പ് പ്രതിമാസ വരുമാനം ഏഴു ലക്ഷം രൂപയായിരുന്നു. സംസ്ഥാന വിനോദ സഞ്ചാര രംഗത്ത് തുമ്പൂർമുഴിക്ക് ഇത് അഭിമാന നേട്ടമായിരുന്നു. മലക്കപ്പാറയിലേക്ക് ആരംഭിച്ച ജംഗിൾ സഫാരിയും ലക്ഷക്കണക്കിന് രൂപ നേടിയെടുത്തിരുന്നു.

മഴക്കാലത്തു പോലും മൺസൂൺ യാത്ര എന്ന പേരിലുള്ള ജംഗിൾ സഫാരിയുടെ വിജയഗാഥ ജില്ലാ ടൂറിസം കൗൺസിലിനും അസൂയാവഹമായ അംഗീകാരം നേടിക്കൊടുത്തിരുന്നു. ആദ്യ അടച്ചിടലിനു ശേഷം കഴിഞ്ഞ ജനുവരിയിൽ തുമൂമ്പൂർമുഴി റിവർ ഗാർഡൻ പ്രവത്തനം ആരംഭിക്കുമ്പോഴും പ്രതീക്ഷിച്ചത്ര ഉണർവുണ്ടായില്ല. തുടക്കത്തിൽ 3 ലക്ഷം രൂപ കിട്ടിയെങ്കിലും തുടർന്ന് വരുമാനം കുത്തനെ ഇടിഞ്ഞു.

സംസ്ഥാന സർക്കാർ ഇതിനകം ചെലഴിച്ച കോടിക്കണക്കിനു രൂപയുടെ വികസന പ്രവർത്തനങ്ങൾ വൃഥാവിലാകുമോയെന്നാണ് ആശങ്ക. ചാലക്കുടിപ്പുഴയ്ക്ക് കുറുകെ തൂക്കുപാലം, കനാലിനു മീതെ ചെറിയപാലം, കോൺഫറൻസ് ഹാൾ, കൽമണ്ഡപങ്ങൾ, പുതിയ ടോയ്‌ലെറ്റുകൾ. അങ്ങനെ നിരവധി പ്രവർത്തനങ്ങളാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുമ്പൂർമുഴിയിൽ നടപ്പിലാക്കിയത്.

കുട്ടികളുമായി എത്തുന്ന വിനോദ സഞ്ചാരികൾ കൂട്ടത്തോടെ മണിക്കൂറുകളോളം പുഴയുടെ തീരങ്ങളിൽ ചെലവഴിക്കാൻ തുടങ്ങിയതോടെ അതിരപ്പിള്ളിയെപ്പോലും കിടപിടിക്കുന്ന ഇടമായി ഇവിടം മാറിയിരുന്നു. മൂന്നു വാഹനങ്ങൾ നിരത്തിലിറക്കി കാടുകൾ തോറും ഒഴുകിനീങ്ങിയ ജംഗിൾ സഫാരി സംസ്ഥാന ടൂറിസത്തിന്റെ പ്രഥമ സംരംഭവുമായി.

മലക്കപ്പാറയിലെ വിനോദ സഞ്ചാര കുതിപ്പിനും തുമ്പൂർമുഴി മുതൽക്കൂട്ടാവുകയായിരുന്നു. കൊവിഡിന്റെ നീരാളിപ്പിടുത്തം ഇവയെല്ലാം പഴങ്കഥകളാക്കുമോയെന്ന ആശങ്കയിലാണ് വിനോദ സഞ്ചാര മേഖല. ഒപ്പം ഇതിനു അനുബന്ധമായി ഉപജീവനം നടത്തിയിരുന്ന ചെറുകിട കച്ചവടക്കാരും കടുത്ത പ്രതിസന്ധിയിലാണ്.