കുന്നംകുളം: ലോക്ക്ഡൗൺ കാലത്ത് തെരുവോരങ്ങളിൽ തൊഴിലും ഭക്ഷണവുമില്ലാതെ കഴിയുന്നവരെ അന്നമൂട്ടി കുന്നംകുളം നഗരസഭ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾക്ക് കരുത്തായി. ഇന്നലെ വൈകിട്ട് നടന്ന പ്രതിദിന കൊവിഡ് വിലയിരുത്തൽ യോഗത്തിലാണ് നഗരസഭ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
കുന്നംകുളം പട്ടണത്തിൽ കടത്തിണ്ണകളിൽ കഴിയുന്ന അതിഥിതൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണം നൽകാൻ ആരംഭിച്ചു. യേശുദാസ് റോഡിൽ വ്യാപാരഭവന് സമീപം കഴിയുന്ന ഇരുപതോളം പേർക്ക് ഇതിന്റെ ഭാഗമായി നഗരസഭ സുഭിക്ഷ ഹോട്ടൽ വഴി ഭക്ഷണവിതരണം ചെയ്തു. വിതരണത്തിനായി ആർ.ആർ.ടി അംഗങ്ങളെയും ചുമതലപ്പെടുത്തി. മറ്റ് പ്രദേശങ്ങളിൽ ഇത്തരത്തിൽ പ്രയാസംനേരിടുന്നവരെ കൂടി കണ്ടെത്തി ഭക്ഷണം നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
ആദ്യ ദിനം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം. സുരേഷ്, ടി. സോമശേഖരൻ തുടങ്ങിയവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി. കൗൺസിലർമാരായ സുജീഷ് എ.എസ്, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.