hotel

വടക്കാഞ്ചേരി: കൊവിഡ് കാലത്ത് വിശപ്പടക്കാൻ നഗരസഭയുടെ ജനകീയ ഹോട്ടൽ. അത്താണി കുറ്റിയങ്കാവ് ക്ഷേത്രത്തിനടുത്ത് പാതയോരത്ത് വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഭക്ഷണശാല വീണ്ടും സജീവമായി. നിയന്ത്രണങ്ങളെത്തുടർന്ന് മറ്റ് കടകൾ അടച്ചതോടെ ഇപ്പോൾ ജനകീയ ഹോട്ടലാണ് നാട്ടുകാരുടെ ആശ്രയം. ദിനംപ്രതി നൂറിലധികം പാർസലുകളാണ് തയ്യാറാക്കി നൽകുന്നത്. പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ലഭിക്കുന്ന കേന്ദ്രമായ ജനകീയ ഹോട്ടലിൽ 20 രൂപക്കാണ് ചോറും കറികളുമുൾപ്പടെയുള്ള ഊണ് ലഭ്യമാകുക. നിലവിൽ പാർസൽ സംവിധാനം മാത്രമാണുള്ളത്. നഗരസഭ ഉദ്യോഗസ്ഥരും മറ്റുമൊക്കെ ഭക്ഷണം വാങ്ങുന്നത് ഇവിടെ നിന്നു തന്നെ. നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഡൊമിസിലിയറി സെന്ററുകളിലേക്കും മറ്റുമൊക്കെ ഭക്ഷണം നൽകുന്നതും വനിതാ കൂട്ടായ്മയായിരിക്കും. മിണാലൂർ കുറ്റിയങ്കാവിനടുത്താണ് കുടുംബശ്രീ അംഗങ്ങളായ സിനി സുനിൽകുമാർ (40), സുമതി (59), സതി (56), യശോദ (42), ജലജ (42) എന്നിവരടങ്ങുന്ന വനിതാ സംഘം ഭക്ഷണശാല നടത്തുന്നത് .