തിരുവില്വാമല: മദ്ധ്യകേരളത്തിലെ ഉത്സവത്തിന്റെ സമാപനമെന്നറിയപ്പെടുന്ന പറക്കോട്ട് കാവ് താലപ്പൊലി കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ആഘോഷം ചടങ്ങുകൾ മാത്രമായി അവസാനിച്ചു. ഭഗവതികോലവും ഓലക്കുടയും മുത്തുകുടയുമായ് പാണികൊട്ടിക്കൊണ്ടാണ് ഇക്കുറി താലപ്പൊലി എഴുന്നെള്ളത്ത് നടന്നത്. കിഴക്കുമുറി ദേശം മല്ലിച്ചിറ അയ്യപ്പൻ കാവിൽ നിന്നും വാൽക്കണ്ണാടിയിൽ ആവാഹിച്ച ഭഗവതി കോലവുമായ് ക്ഷേത്രം ശാന്തി കുന്നത്ത് മന ഹരി നമ്പൂതിരിയുടെ നേതൃത്വത്തിൽ എഴുന്നെള്ളിപ്പ് നടത്തി. പടുഞ്ഞാറ്റുമുറി ദേശം ഓടിട്ട കൂട്ടാല ക്ഷേത്രത്തിൽ നിന്നും വാൽക്കണ്ണാടിയിൽ ഭഗവതിയുടെ കോലം എഴുന്നെള്ളിച്ചു. ദേശഭാരവാഹി അഭിലാഷിന്റെ നേതൃത്വത്തിൽ ആയിരുന്നു എഴുന്നെള്ളത്ത് ചടങ്ങുകൾ നടന്നത്. പാമ്പാടി ദേശം പാമ്പാടി മന്ദത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്നും വാൽക്കണ്ണാടിയിൽ ഭഗവതി കോലം എഴുന്നെള്ളിച്ചു. എഴുന്നെള്ളിപ്പിന് അജയ്‌കൃഷ്ണൻ നേതൃത്വം നൽകി. പറക്കോട്ട്കാവ് താലപ്പൊലി പാറയിൽ സംഗമിച്ച എഴുന്നള്ളിപ്പുകൾ സംയുക്തമായി കാവിലേക്ക് കൂട്ടിയെഴുന്നള്ളിപ്പ് നടത്തി. ക്ഷേത്രത്തിലെത്തിയ എഴുന്നള്ളിപ്പ് ക്ഷേത്രകോമരം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അരിയെറിഞ്ഞ് സ്വീകരിച്ചാനയിച്ചു. ഭഗവതി ക്ഷേത്ര സന്നിധിയിൽ പ്രതീകാത്മക ചെണ്ടമേളത്തോടെ മൂന്നുദേശത്തിന്റെയും എഴുന്നള്ളിപ്പ് കാവേറിയതോടെ ഈ വർഷത്തെ താലപ്പൊലി ആഘോഷങ്ങൾ അവസാനിച്ചു. ഇത്തവണയും കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉത്സവങ്ങളെല്ലാം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു നടത്തിയത്.