തൃശൂർ : കൊവിഡ് വ്യാപനത്തിന് പിന്നാലെ കുതിച്ചുയരുന്ന മരണ നിരക്ക് ജില്ലയിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. ഇന്നലെ 11 പഞ്ചായത്തുകളിൽ ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിൽ എത്തിയിരുന്നു. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമടക്കം നാൽപ്പതിലേറെ മരണമാണ് ഉണ്ടായതെന്നാണ് മാദ്ധ്യമങ്ങളിലുടെ പുറത്ത് വന്നത്. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ 16 മരണം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്!. കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം നടക്കുന്ന ശ്മാശനങ്ങളിൽ എത്തുന്ന മൃതദേഹങ്ങളുടെ കണക്കും സർക്കാരിന്റെ കണക്കും തമ്മിൽ ഏറെ പൊരുത്തക്കേടുകളാണ് ഉള്ളത്. ഇതുവരെ നൂറോളം മരണമാണ് സർക്കാർ കണക്കിൽ ഉള്ളത്. എന്നാൽ മേയ് നാലിന് നിരവധി മരണങ്ങൾ ഉണ്ടായിട്ടും ജില്ലയിൽ ഒറ്റ മരണം പോലും ഇല്ലെന്നാണ് രേഖപ്പെടുത്തിയിക്കുന്നത്. അത് കൊണ്ട് മരണക്കണക്ക് സർക്കാർ മറയ്ക്കുന്നതായുള്ള ആരോപണം ശക്തമാണ്. കഴിഞ്ഞ ഒമ്പത് ദിവസത്തിനുള്ളിൽ 97 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജില്ലയിൽ കൊവിഡ് റിപ്പോർട്ട് ചെയ്ത ശേഷമുള്ള ഏറ്റവും വലിയ മരണ നിരക്കിലേക്കാണ് ജില്ല കുതിക്കുന്നത്. മരിക്കുന്നവരിൽ 90 ശതമാനത്തിലധികവും അറുപത് വയസിനു മുകളിൽ ഉള്ളവരാണ്. ജില്ലയിൽ ചികിത്സയിലിരിക്കുന്നവരുടെ എണ്ണം ആദ്യമായി അമ്പതിനായിരത്തിന് മുകളിൽ എത്തി കഴിഞ്ഞുവെന്നതും ആശങ്കയായി മാറിയിട്ടുണ്ട്. നിലവിൽ ഓക്‌സിജൻ ക്ഷാമം ഇല്ലെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും സ്വകാര്യ ആശുപത്രികളിലും മറ്റും വെന്റിലേറ്റർ സൗകര്യം ഉള്ള കിടക്കകൾ ഇല്ലെന്ന് പറഞ്ഞ് കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
പ്രമുഖ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ഗുരുതരമായെത്തുന്ന രോഗികളിൽ നിന്ന് പോലും ലക്ഷങ്ങൾ ഈടാക്കുന്നുവെന്ന പരാതിയും ഉണ്ട്. കിടക്കകൾ ഒഴിവുള്ള ആശുപത്രികൾ അറിയുന്നതിനായുള്ള ലിങ്ക് പരിശോധിക്കുമ്പോൾ പല ആശുപത്രികളിലും കിടക്കകൾ ഒഴിവു കാണിക്കുന്നുണ്ടെങ്കിലും രോഗികൾ നേരിട്ട് ബന്ധപ്പെട്ടാൽ കിടക്കകൾ ഒഴിവില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. ഇന്നലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് രോഗിയെ കോട്ടയത്തേക്ക് കൊണ്ട് പോകേണ്ട സാഹചര്യവും ഉണ്ടായി.
അമിത തുക ഈടാക്കിയെന്ന പരാതി ഉണ്ടായാൽ അത് പരിഹരിക്കാൻ ജില്ലാതല സമിതി രൂപീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. സ്വകാര്യ ആശുപത്രികളിലും കൊവിഡ് ഒ.പിയെന്ന നിർദ്ദേശമുള്ളപ്പോഴും അമ്പത് ശതമാനം കിടക്കക്കൾ മാറ്റിവെയ്ക്കണമെന്ന ഉത്തരവും അമിതഫീസ് ഈടാക്കരുതെന്ന നിർദ്ദേശവും നടപ്പാകുന്നില്ലെന്നും ആരോപണമുണ്ട്.
ഇതിനിടെ ജില്ലാ മെഡിക്കൽ കോളേജ്, ജില്ലാ മെഡിക്കൽ ഓഫീസ് എന്നിവിടങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധർ അടങ്ങിയ ഓക്‌സിജൻ വിജിലൻസ് ടീം ജില്ലയിൽ പരിശോധന തുടങ്ങി. സ്വകാര്യ ആശുപത്രികൾ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ രേഖപ്പെടുത്തുന്ന കിടക്കകളുടെ എണ്ണം, ഓക്‌സിജൻ ഉപയോഗം, ഓക്‌സിജൻ സ്‌റ്റോക്ക്, കൊവിഡ് ഇതര രോഗികളുടെ ഓക്‌സിജൻ അനുബന്ധ ചികിത്സകൾ, ഓപ്പറേഷൻ അടക്കം ഓക്‌സിജൻ ഉപയോഗിക്കുന്ന ചികിത്സകൾ എന്നിവ വിലയിരുത്തുന്നതിനായിരുന്നു പരിശോധന. ഓക്‌സിജൻ സംബന്ധിച്ച വിവരം രേഖപ്പെടുത്തുന്നതിൽ കൃത്യവിലോപം കാട്ടിയ ആശുപത്രികൾക്കെതിരെ കളക്ടർ എസ്. ഷാനവാസ് നടപടി സ്വീകരിച്ചു.