ഗുരുവായൂർ: ക്ഷേത്ര പരിസരത്തും ബസ് സ്റ്റാൻഡിലുമായി തെരുവോരങ്ങളിൽ കഴിഞ്ഞിരുന്ന 151 പേരെ മാറ്റി പാർപ്പിച്ചു. ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ വൃദ്ധരും യുവാക്കളും യുവതികളും അടക്കമുള്ള 151 പേരെ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സകൂളിലേക്കാണ് മാറ്റിയത്.
പൂക്കോട് കുടുംബാരോഗ്യ കേന്ദ്രവും ഗുരുവായൂർ നഗരസഭയും സംയുക്തമായാണ് ഇവർക്ക് താമസ സൗകര്യം ഒരുക്കിയത്. മാറ്റി താമസിപ്പിച്ചവർക്കായി നടത്തിയ ആന്റിജൻ പരിശോധനയിൽ 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ നഗരസഭ പ്രത്യേകം തയ്യാറാക്കിയ കെയർ സെന്ററിലേക്ക് മാറ്റി താമസിപ്പിച്ചു. ഇവർക്കുള്ള ഭക്ഷണം കുടുംബശ്രീ ഹോട്ടലിൽ നിന്നും നൽകി വരുന്നു.
നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ കെ. സജീവ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ പി.വി. ജിജു, പി.പി. പ്രകാശൻ എന്നിവരുടെ നിർദ്ദേശപ്രകാരം ഗുരുവായൂർ ടെമ്പിൾ പൊലീസ് എസ്.ഐ ഗിരിയുടെ നേതൃത്വത്തിലുള്ള പൊലീസിന്റെ സഹായത്തോടെയാണ് ഗുരുവായൂരിലും, പരിസരത്തും അലഞ്ഞുനടന്നിരുന്ന അന്തേവാസികളെ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ എത്തിച്ചത്.
ജില്ലാ ആരോഗ്യ വിഭാഗം നോഡൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ഡോ. അനു മേരി സാം ആണ് ഇവർക്കുള്ള ആന്റിജൻ പരിശോധനകൾ നടത്തിയത്.