കയ്പമംഗലം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കയ്പമംഗലം പഞ്ചായത്തിലെ കൊപ്രക്കളം ബുസ്താനുൽ ഉലും കോളേജ് കെട്ടിടത്തിൽ ഡൊമിസിലറി കെയർ സെന്റർ ആരംഭിച്ചു. 30 കിടക്കകളുള്ള ഡി.സി.സിയിൽ കൊവിഡ് പോസിറ്റീവ് ആയവരും വീടുകളിൽ ഐസൊലേഷൻ സൗകര്യമില്ലാത്തതും ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാത്തതും ആയ രോഗികൾക്കാണ് പ്രവേശനം അനുവദിക്കുക. 24 മണിക്കൂറും സന്നദ്ധസേവനത്തിനുള്ള വളണ്ടിയർമാരും കെയർടേക്കർമാരും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും കൊവിഡ് സെന്ററുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും.
പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. സലീഷ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ യു.വൈ ഷമീർ, സി.ജെ.പോൾസൺ, ബ്ലോക്ക് പഞ്ചായത്തംഗം വി.എസ്. ജിനേഷ്, മെഡിക്കൽ ഓഫീസർ ഡോ. അനുബേബി, പഞ്ചായത്ത് സെക്രട്ടറി കെ.ബി. മുഹമ്മദ് റഫീക്ക് എന്നിവർ സംസാരിച്ചു.