yogam
കൊടുങ്ങല്ലൂരിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചേർന്ന ഉന്നതല യോഗം

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടന്നു. താലൂക്ക് ഗവ. ആശുപത്രിയിൽ ഇപ്പോൾ 36 കൊവിഡ് രോഗികളെയാണ് കിടത്തിചികിത്സിക്കുന്നത്. മുസിരിസ് കൺവൻഷൻ സെന്ററിൽ 60 പേരും ചികിത്സയിലുണ്ട്. രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ രോഗികൾക്ക് ചികിത്സ ലഭ്യമാക്കും. വെന്റിലേറ്റർ സൗകര്യം ഉപയോഗപ്പെടുത്തുന്നതിനും കൂടുതൽ ഓക്‌സിജൻ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും. പുതിയ കെട്ടിടത്തിൽ ആധുനിക സംവിധാനത്തിലുള്ള ഐ.സി.യു നിർമ്മിക്കുന്നതിനുള്ള കാര്യങ്ങളും പുതിയ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കാനുള്ള സാധ്യതകളും ചർച്ച ചെയ്തു. നഗരത്തിലെ പ്രവർത്തന രഹിതമായ സ്വകാര്യ ആശുപത്രി കൊവിഡ് കേന്ദ്രമാക്കി മാറ്റുന്നതിന് ആവശ്യമായ നടപടികൾക്ക് നഗരസഭാ അധികൃതരെ ചുമതലപ്പെടുത്തി. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനു ചൊവ്വാഴ്ച സ്വകാര്യ ആശുപത്രി മാനേജുമെന്റ് ഐ.എം.എ പ്രതിനിധികളുടെ യോഗം രാവിലെ 10ന് നഗരസഭാ ഓഫീസിൽ വിളിച്ചു ചേർക്കുന്നതിനും തീരുമാനിച്ചു. ചെയർപേഴ്‌സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, എൽസി പോൾ, കെ.എസ്. കൈസാബ്, ഡി.ടി. വെങ്കിടേശ്വരൻ, താലൂക്കാശു പത്രി സൂപ്രണ്ട് ഡോ. ഉണ്ണിക്കൃഷ്ണൻ, ഡോക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.