കുന്നംകുളം: കേച്ചേരി പട്ടിക്കരയിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. ഇയ്യാൽ അറങ്ങാശ്ശേരി രാജുവിന്റെ മകൻ വിജോയി (31)ക്കാണ് മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രി 10.45 നായിരുന്നു സംഭവം.

വിജോയിയുടെ സുഹൃത്ത് ഗോകുലുമായി മുൻപുണ്ടായ വഴക്കിന്റെ പ്രതികാരമായാണ് മർദ്ദനം ഏറ്റതെന്നാണ് വിജോയി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പരിക്കേറ്റയാൾ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സുഹൃത്തിന് ഭക്ഷണം നൽകാൻ പോകുമ്പോൾ പട്ടിക്കര മാട്ടം ഭാഗത്ത് വച്ചാണ് ബൈക്ക് തടഞ്ഞു നിറുത്തി അക്രമിച്ചത്. പട്ടിക്കര സ്വദേശി റെബി, റെബിയുടെ പിതാവ്, സഹോദരൻ, ഇയ്യാൽ സ്വദേശി അനീസ്, കണ്ടാലറിയുന്ന പത്ത് പേർ എന്നിവരടങ്ങിയ സംഘമാണ് പട്ടികയും വടിയുമായി മർദ്ദിച്ചതെന്നാണ് വിജോയ് പറയുന്നത്.

ബൈക്ക് തല്ലി തകർത്തതായും പറയുന്നു. കുന്നംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.