പാവറട്ടി: കൊവിഡ് അതിവ്യാപനത്തിന്റെ സാഹചര്യത്തിൽ മുല്ലശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സെൻട്രലൈസ്ഡ് ഓക്‌സിജൻ ബെഡുകൾ ഒരുങ്ങുന്നു. സംസ്ഥാനത്ത് സി.എച്ച്.സി തലത്തിൽ ആദ്യമായാണ് ഇത്തരം സംവിധാനം വരുന്നത്.
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് ബെഡുകൾ ഒരുക്കുന്നത്. 36 ബെഡുകളിലെ 18 ബെഡുകളിലാണ് ആദ്യ ഘട്ടത്തിൽ സെൻട്രലൈസ്ഡ് ഓക്‌സിജൻ സംവിധാനം വരുന്നത്. മൂന്നാഴ്ചയ്ക്കകം ഈ സംവിധാനം നിലവിൽ വരും.
കൊവിഡ് വ്യാപന കാലത്ത് സി.എച്ച്.സിയിൽ ഓക്‌സിജൻ സൗകര്യമുള്ള ബെഡുകൾ ഒരുങ്ങുന്നത് സാധാരണക്കാർക്ക് സഹായകരമാകും. ഓക്‌സിജൻ ബെഡുകൾക്ക് ചെലവഴിക്കുന്ന 10 ലക്ഷം രൂപയ്ക്ക് പുറമെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് ചെലവഴിക്കുന്നുണ്ട്.
200 പൾസ് ഓക്‌സിമീറ്ററുകളും നൽകിയിട്ടുണ്ട്. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിൽ അടിയന്തര സഹായത്തിന് രണ്ട് ആംബുലൻസുകളുടെ സേവനം കൂടി ലഭ്യമാക്കിയിട്ടുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ പറഞ്ഞു.