തൃപ്രയാർ: നാട്ടിക നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ കൊവിഡ് കെയർ സെന്ററുകൾ സജ്ജമാവുന്നു. തളിക്കുളത്ത് ആരംഭിച്ച ഡൊമിസിലറി കെയർ സെന്റർ നിയുക്ത എം.എൽ.എ സി.സി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അദ്ധ്യക്ഷത വഹിച്ചു. ഗുരുതര രോഗലക്ഷണങ്ങൾ ഇല്ലാത്തവരെയും വീട്ടിൽ സൗകര്യങ്ങൾ കുറവായതുമായ കൊവിഡ് രോഗികളെ താമസിപ്പിക്കുന്നതിനാണ് തളിക്കുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സെന്റർ സജ്ജമാക്കിയിട്ടുള്ളത്. മുപ്പത് രോഗികൾക്ക് ഒരേസമയം താമസിക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ബ്ലോക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇടവേളകളിൽ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ആരോഗ്യവകുപ്പിന്റെയും സേവനം ലഭ്യമാക്കും. രോഗികൾക്ക് തളിക്കുളത്തെ ജനകീയ ഹോട്ടലിൽ നിന്നും ഭക്ഷണം നൽകും. ചാർജ് ഓഫീസർ മുംതാസ് എ.വി, നോഡൽ ഓഫീസർ ഡോ. കരുൺ, അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. കിരൺ, അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ.ലിറ്റി ടോം, ഹെൽത്ത് ഇൻസ്‌പെക്ടർ ഹനീഷ് കുമാർ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വലപ്പാട് പഞ്ചായത്തിലെ ഡി.സി.സി നിയുക്ത എം.എൽ.എ സി.സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷിനിത ആഷിക്ക് അദ്ധ്യക്ഷത വഹിച്ചു. ചാഴൂർ, താന്ന്യം ഗ്രാമപഞ്ചായത്തുകളിലും ഡിസിസി സെന്ററുകൾ പ്രവർത്തനമാരംഭിച്ചു. നിയുക്ത എം.എൽ.എ സി.സി. മുകുന്ദൻ സെന്ററുകൾ സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിലും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു. വലപ്പാട് ഗവ. ആയുർവ്വേദ ആശുപത്രി, സാമൂഹികാരോഗ്യകേന്ദ്രം എന്നിവയും എം.എൽ.എ സന്ദർശിച്ചു. അടിയന്തര ഘട്ടത്തിൽ എല്ലാവിധ സഹായവും ഇടപെടലും സർക്കാരിൽ നിന്നും ലഭ്യമാക്കാൻ നടപടികളെടുക്കുമെന്ന് സി.സി മുകുന്ദൻ പറഞ്ഞു.