stage

തൃശൂർ : ഒരു സീസൺ അപ്പാടെ തകർത്തു കളഞ്ഞ കൊവിഡ് ഇത്തവണയും തട്ടിയെടുക്കുമോയെന്ന ആശങ്കയിൽ കലാകാരൻ. സെപ്തെബർ മുതൽ ആരംഭിക്കുന്ന സീസണിന്റെ മുന്നൊരുക്കങ്ങൾ ജൂൺ ആദ്യ വാരം തന്നെ ആരംഭിക്കണം. നാടകം, ബാലെ, ഗാനമേള, നാടൻ പാട്ടുകൾ, മറ്റ് ക്ഷേത്ര കലകൾ എന്നി കലാകാരൻ തുടങ്ങി ആയിരക്കണക്കിന് പേർ കൊവിഡ് മൂലം ദുരിതത്തിൽ ആണ്. നാടകത്തിന്റെയും മറ്റും അണിയറ ഒരുക്കങ്ങൾ മാസങ്ങൾക്ക് മുൻപ് ആരഭിക്കണം. എന്നാൽ മാത്രമേ ഉത്സവ സീസൺ ആരംഭിക്കുന്നതിനു മുൻപ് ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സാധിക്കു. പലരും ബാങ്ക് വായ്പ എടുത്തും വട്ടി പലിശക്ക് പണം കടം വാങ്ങിയുമാണ് ഓരോ സീസണിളും സമിതികൾ രംഗതിറക്കുന്നത്. എന്നാൽ കൊവിഡിന്റെ രണ്ടാം തരംഗം ഇവരുടെ പ്രതീക്ഷകൾ തകർക്കുന്ന തരത്തിൽ ഉള്ളതാണ്. സംസ്ഥാനത്ത് നൂറിലേറേ നാടക സമിതികൾ തന്നെ പ്രവർത്തിച്ചിരുന്നു. എന്നാൽ കൊവിഡ് റിപ്പോർട്ട്‌ ചെയ്തത് മുതൽ ഇവർക്ക് പ്രവർത്തിക്കാനുള്ള അനുമതി നിഷേധിക്കുക ആയിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞ അവസരത്തിൽ പൊതു സ്ഥലത്ത് 200 പേരെയും ഹാളുകളിൽ 100 പേരെയും പങ്കെടുപ്പിച്ചു കലാപരിപാടികൾ നടത്താൻ അനുമതി നൽകിയെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ആരും പരിപാടികൾ നടത്താൻ തയ്യാറായിരുന്നില്ല. ഇത്തവണയും കടം വാങ്ങിയും മറ്റും സമിതികളെ രംഗത്ത് ഇറക്കിയാലും കൊവിഡ് വ്യാപനം മൂലം ഏർപ്പെടുത്തിയ നിയന്ത്രണം പെട്ടന്ന് പിൻവലിക്കാനുള്ള സാധ്യത കുറവാണ്. അത് കൊണ്ട് ഒരുക്കങ്ങൾ നടത്താൻ ഇതുവരെയും തയ്യാറായിട്ടില്ലെന്ന് കലാകാരൻമാർ പറയുന്നു. അവസരങ്ങൾ ഇല്ലാതായതോടെ പലരും മറ്റ് മേഖലകൾ തേടി തുടങ്ങി. ഓരോ നാടക സംഘങ്ങളിലും ചുരുങ്ങിയത് ഇരുപതോളം കുടുംബങ്ങളുടെ ജീവിതം ആണ് മുന്നോട്ട് പോയിരുന്നതെന്നു ഇവർ ചുണ്ടികാട്ടുന്നു. അത് പോലെ മറ്റ് കലാരൂപങ്ങളിലുടെ നിരവധി പേരാണ് പ്രവർത്തിക്കുന്നത്.