covid

തൃശൂർ: കൊവിഡ് ചികിത്സയ്ക്ക് സർക്കാർ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ നിരക്ക് ഈടാക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ എസ്. ഷാനവാസ് മുന്നറിയിപ്പ് നൽകി. ഇത്തരം സ്ഥാപനങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസിലോ കളക്ടറേറ്റിലെ കൺട്രോൾ റൂമിലോ വിവരം നൽകാം.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം എല്ലാ ആശുപത്രികളും രോഗികളിൽ നിന്നും ഈടാക്കുന്ന നിരക്കുകൾ ആശുപത്രിക്കകത്തും അവരുടെ സ്വന്തം വെബ് സൈറ്റിലും പ്രദർശിപ്പിക്കണം. ഈ വെബ്‌സൈറ്റ് കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റേറ്റ് കൗൺസിലിന്റെ വെബ്‌സൈറ്റുമായി ലിങ്ക് ചെയ്യേണ്ടതാണ്.

കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം ബന്ധപ്പെട്ട ജില്ലാ മെഡിക്കൽ ഓഫീസർ പരാതികൾ സ്വീകരിച്ച് നടപടികൾ സ്വീകരിക്കും. ഏതെങ്കിലും ആശുപത്രി നിശ്ചയിക്കപ്പെട്ട നിരക്കിനേക്കാൾ കൂടുതൽ ഈടാക്കുന്നതായി കണ്ടെത്തിയാൽ അവരിൽ നിന്നും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസർ പത്തിരട്ടി പിഴ ഈടാക്കുന്നതാണ്. ഇതിന് പുറമേ 2005ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട്, 2021ലെ കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ് തുടങ്ങിയ നിയമപ്രകാരം തുടർ നടപടികൾ സ്വീകരിക്കും.