ചേർപ്പ്: ഭൂമിയിലെ ഏറ്റവും വലിയ ദേവസംഗമ ഭൂമിയിലെ ഊരാളനായിരുന്നു മാടമ്പ് കുഞ്ഞുകുട്ടൻ . മാടമ്പ് കുഞ്ഞുകുട്ടന്റെ പൂർവ്വികമന ഇപ്പോഴും ആറാട്ടുപുഴ ക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്നുണ്ട്.
മാടമ്പ് കുഞ്ഞുക്കുട്ടന്റെ ചെറിയച്ഛനായ ശിവദാസന്റെ മകൻ ഹരിദാസും കുടുംബവുമാണ് മനയിൽ ഇപ്പോൾ താമസിക്കുന്നത്. മനയ്ക്ക് കാലപ്പഴക്കം സംഭവിച്ചതോടെയാണ് വർഷങ്ങൾക്ക് മുൻപ് കിരാലൂർ മാടമ്പ് മനയിലേക്ക് മാടമ്പ് കുഞ്ഞുകുട്ടൻ താമസം മാറിയത്. പിന്നീട് ആറാട്ടുപുഴ ക്ഷേത്രത്തിലെ വിശേഷ ചടങ്ങുകൾക്കും പൂരക്കാലത്തും , സാംസ്‌കാരിക ചടങ്ങുകൾക്കുമാണ് മാടമ്പ് ആറാട്ടുപുഴയിൽ പതിവായി എത്താറുണ്ടായിരുന്നത്.
ഇക്കഴിഞ്ഞ വർഷം ആറാട്ടുപുഴ പൂരം പത്രിക പ്രകാശനം ചെയ്യാനാണ് മാടമ്പ് കുഞ്ഞുകുട്ടൻ അവസാനമായി ആറാട്ടുപുഴ ക്ഷേത്രത്തിലെത്തിയതെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ പറഞ്ഞു. ആറാട്ടുപുഴ പൂരങ്ങൾക്ക് ക്ഷേത്രത്തോട് ചേർന്ന് മാടമ്പ് ഇല്ലത്തും ശാസ്താവിന്റെ സ്വീകരണ പറ നിറയ്ക്കലിനും പൂരപ്പാടത്ത് നിറ സാന്നിദ്ധ്യമായിരുന്ന മാടമ്പ് പൂരം കഴിഞ്ഞേ മടങ്ങാറുള്ളൂ.
കൊവിഡ് മാനദണ്ഡം നിലനിൽക്കെ ഇക്കഴിഞ്ഞ പൂരക്കാലത്ത് മാടമ്പിനെത്താൻ സാധിച്ചില്ല. ഒരു കാലത്ത് പെരുവനം ഗ്രാമത്തിലെ ക്ഷേത്ര ആചാര ചടങ്ങുകൾക്കും മാടമ്പ് കുഞ്ഞുക്കുട്ടൻ സ്ഥിരസാന്നിദ്ധ്യമായിരുന്നു. ആറാട്ടുപുഴ ക്ഷേത്ര ഊരാളന്മാരിൽ മാടമ്പ് മനയിലെ പൂർവ്വിക കണ്ണികളിൽ ഒരാളെയാണ് മാടമ്പ് കുഞ്ഞുക്കുട്ടനിലൂടെ നഷ്ടമായത്.