madambu
മാടമ്പ് കുഞ്ഞുകുട്ടൻ

തൃശൂർ: ആറ് പതിറ്റാണ്ടിലേറെ കാലം സാംസ്‌കാരിക സാമൂഹിക മണ്ഡലത്തിൽ തന്റേതായ നിലപാടുകളും സിദ്ധാന്തങ്ങളുമായി മാടമ്പ് നമുക്കൊപ്പമുണ്ടായിരുന്നു. സഞ്ചരിക്കുന്ന സർവവിജ്ഞാനകോശം എന്ന് മാടമ്പിനെ വിശേഷിപ്പിക്കാറുണ്ട്. മാടമ്പിനെ ഒരിക്കൽ അടുത്തറിഞ്ഞവർക്ക് ഈ വിശേഷണത്തിലെ യാഥാർത്ഥ്യം തിരിച്ചറിയാം.

സാഹിത്യത്തിലും സിനിമയിലും ഒരു പോലെ നിറഞ്ഞുനിന്നിരുന്നു മാടമ്പ്. കൊച്ചി ശീമയിലെ ഒരു കൊടുങ്കാറ്റിന് ശേഷം ജനിച്ചത് കൊണ്ടായിരിക്കണം അടുത്തറിയുന്നവർക്കെല്ലാം മാടമ്പിൽ ഒരു കാറ്റിന്റെ രൂപഭാവം കണ്ടറിയാനാകും.

കൊടുങ്കാറ്റിന് മുമ്പുളള ശാന്തതയാണ് മാടമ്പിന്റെ സ്ഥായീഭാവം. എല്ലാ ജ്ഞാനവും ഉള്ളിലൊതുക്കി അറിവിന്റെ മഹാസാഗരത്തിന് മുകളിൽ ഒരു മാടമ്പ് ശയനം. അറിവ് പകർന്നുകൊടുക്കുമ്പോഴാകട്ടെ ഇളംതെന്നലിന്റെ വാത്സല്യമാണ്. ഇഷ്ടമില്ലാത്തത് കണ്ടാലോ കേട്ടാലോ കൊടുങ്കാറ്റിന്റെ തീക്ഷ്ണത വാക്കിലും നോക്കിലും പ്രകടം.

സാഹിത്യത്തിൽ എത്രയോ നേരത്തെ പ്രതിഭ തെളിയിച്ച മാടമ്പ് അഭിനയത്തിലും മികവ് തെളിയിച്ചു. കിരാലൂർ മാടമ്പ് മനയിൽ ജനിച്ച കുഞ്ഞുകുട്ടൻ വേദമന്ത്രങ്ങൾ മാത്രമല്ല സ്വായത്തമാക്കിയത്. അറിവിന്റെ സർവമേഖലകളും ഉത്സാഹത്തോടെ, ആകാംക്ഷയോടെ, അതിരറ്റ ആഗ്രഹത്തോടെ കീഴടക്കി. സാഹിത്യം, സിനിമ, മാതംഗശാസ്ത്രം തുടങ്ങി മാടമ്പിന്റെ കൈമുദ്ര പതിയാത്ത മേഖലകൾ കുറവ്.

എന്തും അറിഞ്ഞ് പഠിക്കണം എന്നതാണ് രീതി. എഴുതാൻ പോകുന്നത് നോവലോ കഥയോ തിരക്കഥയോ ആകട്ടെ, പറയാൻ പോകുന്നത് വേദത്തെക്കുറിച്ചോ സിനിമയെക്കുറിച്ചോ ആയിക്കോട്ടെ, മാടമ്പ് ആ വിഷയത്തെക്കുറിച്ച് ഗാഢമായി പഠിക്കും. ഭ്രഷ്ട്, അശ്വത്ഥാമാവ്, അവിഘ്‌നമസ്തു, ചക്കരക്കുട്ടിപ്പാറു തുടങ്ങിയ നോവലുകളിലൂടെ മലയാളിയുടെ മനസിൽ വേറിട്ട വായനയാണ് അദ്ദേഹം സമ്മാനിച്ചത്.

സ്വസമുദായത്തിലെ ചില സമ്പ്രദായങ്ങൾക്കെതിരെ കലഹിക്കുന്ന മാടമ്പിനെ എഴുത്തിലും വെള്ളിത്തിരയിലും കാണാം. പരിണാമം എന്ന സിനിമ ഇസ്രയേലിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌ക്കാരം നേടിയതാണ്. ജയരാജ് സംവിധാനം ചെയ്ത ദേശാടനം വൻസാമ്പത്തിക വിജയം നേടിയപ്പോൾ അത് മാടമ്പിന്റെ കൂടി വിജയമായിരുന്നു.

മാതംഗ ശാസ്ത്രത്തിൽ പാണ്ഡിത്യമുള്ള മാടമ്പ്, ജയരാജിന്റെ തന്നെ ആനച്ചന്തം എന്ന സിനിമയിൽ മുരടനായ ആനവൈദ്യനായെത്തി. തന്റെ അറിവുകൾ കഥാപാത്രത്തിലേക്ക് എത്രമാത്രം ലയിപ്പിക്കാൻ പറ്റുമെന്നതിന്റെ വെളിപ്പെടുത്തലായിരുന്നു ആ വേഷം.

മാതംഗശാസ്ത്രത്തിലെന്ന പോലെ തത്വ ശാസ്ത്രത്തിലും ജ്ഞാനിയായിരുന്നു. മാടമ്പിന് യജുർവേദത്തിലുള്ള അറിവും പാണ്ഡിത്യവും ഒന്ന് വേറെതന്നെ. ഭാരതീയ സംസ്‌ക്കാരത്തിന്റെ എല്ലാവശങ്ങളും മനസിലാക്കി. യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന സഞ്ചാരി കൂടിയായിരുന്നു മാടമ്പ്.