കൊടുങ്ങല്ലൂർ: രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ, ചികിത്സയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുടെയും ഐ.എം.എ ഭാരവാഹികളുടെയും യോഗം തീരുമാനിച്ചു. യോഗത്തിൽ വി.ആർ സുനിൽ കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
പ്രവർത്തന രഹിതമായ ഒ.കെ ആശുപത്രി കൊവിഡ് ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താനും അവിടത്തെ ഐ.സി.യു, ലാബ് സംവിധാനം എന്നീ അടിസ്ഥാന പശ്ചാത്തല സൗകര്യം വിനിയോഗിക്കാനും ധാരണയായി. ഇതിലൂടെ കൂടുതൽ രോഗികൾക്ക് ചികിത്സ നൽകാനാകും.
ആശുപത്രികളിലും വീടുകളിലും കഴിയുന്ന രോഗികളിൽ ഓക്സിജൻ അളവ് കുറയുന്നതാണ് ഗുരുതരാവസ്ഥയിലെത്താൻ കാരണമാകുന്നത്. അതുകൊണ്ട് എല്ലാവർക്കും പൾസ് ഓക്സി മീറ്ററുകൾ നൽകി ദിവസവും ഓക്സിജന്റെ അളവ് മോണിറ്റർ ചെയ്യും. നഗരസഭ ചെയർപേഴ്സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ. ആർ ജൈത്രൻ, കെ. എസ് കൈസാബ്, എൽസി പോൾ, ഡി.ടി. വെങ്കിടേശ്വരൻ, സൂപ്രണ്ട് ഡോ. ഉണ്ണികൃഷ്ണൻ, മുനിസിപ്പൽ സെക്രട്ടറി എസ്. സനൽ, ഐ.എം.എ. പ്രതിനിധികളായ ഡോ. നാസർ, ഡോ. ഷെല്ലി, ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
മറ്റ് തീരുമാനങ്ങൾ
വാർഡ് തലത്തിൽ രോഗികളുടെ വീടുകളിലേയ്ക്ക് ആശവർക്കർമാർ, വളണ്ടിയർമാർ എന്നിവർ മുഖേന ഓക്സി മീറ്ററുകൾ നൽകും.
വീട്ടിലെ രോഗികൾക്ക് ഡോക്ടർമാർ നൽകുന്ന നിർദ്ദേശങ്ങൾ വീഡിയോ വഴി അയച്ചു കൊടുക്കും
സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്കായി കൂടുതൽ കിടക്കകൾ സജ്ജമാക്കും