1
മൗനം എന്ന സിനിമയിൽ വലിയ നമ്പൂതിരിയായി മാടമ്പ് കുഞ്ഞുകുട്ടൻ

വടക്കാഞ്ചേരി: മാടമ്പ് കുഞ്ഞുക്കുട്ടന്റെ കോളനി എന്ന നോവലിനെ ആസ്പദമാക്കി മാടമ്പ് തന്നെ തിരക്കഥയെഴുതിയ സിനിമയായിരുന്നു മൗനം. സിനിമയിലെ കേന്ദ്ര കഥാപാത്രമായ ഉണ്ണിനമ്പൂതിരിയുടെ അച്ഛൻ വലിയ നമ്പൂതിരി എന്ന കഥാപാത്രമായാണ് മാടമ്പ് അഭിനയിച്ചത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ഒരു പരിച്ഛേദമായിരുന്നു സിനിമ.

തലതിരിഞ്ഞ യൗവനങ്ങളെ നേർവഴിക്ക് നയിച്ചാൽ നാളെ നമ്മുടേതാകുമെന്നും, അടുത്ത സുപ്രഭാതം സുന്ദരമാണെന്നും വിളിച്ചു പറയുന്ന സിനിമയിലെ വലിയ നമ്പൂതിരിയെന്ന കഥാപാത്രത്തെയാണ് മാടമ്പ് അവതരിപ്പിച്ചത്. സുരേഷ് മച്ചാട് സംവിധാനം ചെയ്ത സിനിമയിലെ ശക്തമായ കഥാപാത്രമായിരുന്നു അത്. ചില സാങ്കേതിക കാരണങ്ങളാൽ ചിത്രം റിലീസ് ചെയ്യാനായില്ല. എങ്കിലും എന്നെങ്കിലും ചിത്രം വെളിച്ചം കാണുമെന്ന പ്രതീക്ഷയിലായിരുന്നു മാടമ്പ്.

ചിത്രത്തിലെ വലിയ നമ്പൂതിരിയെ കുറിച്ച് പറയുമ്പോൾ മാടമ്പ് വാചാലനാകുമായിരുന്നു. മച്ചാട് തിരുവാണിക്കാവും, അവിടുത്തെ മാമാങ്കവും ഉൾപ്പെടുത്തി ചിത്രീകരിച്ചിട്ടുള്ള സിനിമയിലെ രണ്ട് ഗാനരംഗങ്ങളിലും മാടമ്പ് തന്നെയാണ് അഭിനയിച്ചത്. ജയരാജ് സംവിധാനം ചെയ്ത മാടമ്പിന്റെ ദേശാടനം പോലെ എല്ലാവരുടെയും മനസിൽ തട്ടുന്ന സിനിമയായിരുന്നു മൗനമെന്ന് മാടമ്പ് പലപ്പോഴും പറഞ്ഞിരുന്നു.