കൊടുങ്ങല്ലൂർ: കയ്പമംഗലം മണ്ഡലത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തിലും ഡൊമിസിലിയറി കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു. ഏകദേശം 500 കിടക്കകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 3,255 പേരാണ് രോഗബാധിതരായി വീടുകളിൽ കഴിയുന്നത്. നാട്ടിക സി.എഫ്.എൽ.ടി.സിയിലും മെഡിക്കൽ കോളേജിലും, താലൂക്ക് ആശുപത്രിയിലുമായി 132 പേർ ചികിത്സയിലുണ്ട്. ഇതുവരെ 10,278 പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 107 പേർക്ക് ജീവൻ നഷ്ടമായി. എല്ലാ പഞ്ചായത്തുകളിലുമായി വാർഡ് സമിതികൾ, ആർ.ആർ.ടി വളണ്ടിയർ, ആംബുലൻസ് സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. രോഗികൾക്ക് ജനകീയ ഹോട്ടലുകൾ മുഖേന ഭക്ഷണം നൽകും. യുവജന പ്രസ്ഥാനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഹൈവേയിലൂടെ പോകുന്ന ദീർഘദൂര ഡ്രൈവർമാർക്ക് ഭക്ഷണം നൽകുന്ന പ്രവർത്തിയും നടന്നുവരുന്നുണ്ട്.