തൃശൂർ: കൊവിഡ് പ്രതിരോധം, മഴക്കാല ശുചീകരണം തുടങ്ങി അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളൊഴികെ അജൻഡകൾ മാറ്റണമെന്ന ആവശ്യം നിരാകരിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം കോർപറേഷൻ കൗൺസിൽ ഓൺലൈൻ യോഗം ബഹിഷ്‌കരിച്ചു. അടിയന്തര അജൻഡകൾ മാത്രം പരിഗണിച്ചാൽ മതിയെന്നു കോൺഗ്രസും ബി.ജെ.പിഅംഗങ്ങളും നിലപാടെടുത്തതോടെ ഭരണപക്ഷം വെട്ടിലായി. ഇന്നു വിയോജനകുറിപ്പു നൽകുമെന്ന് കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ അറിയിച്ചു. കൗൺസിലിൽ ഭരണപക്ഷത്തിനു തനിച്ചു ഭൂരിപക്ഷമില്ല. ഇന്നലെ രാവിലെ 11നായിരുന്നു ഓൺലൈൻ യോഗം. ആദ്യം പൊതുചർച്ചയുണ്ടായി. അതിലാണ് പ്രതിപക്ഷം ആവശ്യമുന്നയിച്ചത്. പൾസ് ഓക്‌സിമീറ്ററും, പി.പി.ഇ കിറ്റും അടിയന്തരമായി 55 ഡിവിഷനുകളിലെ ആർ.ആർ ടീമുകൾക്ക് നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ. ജെ.പല്ലൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ ആവശ്യം മേയർ എം.കെ. വർഗീസ് അംഗീകരിച്ചു. 120 വിഷയങ്ങളാണ് യോഗത്തിൽ അജൻഡയായി വച്ചത്. 42 പേജുകളുള്ള ഇത് മുഴുവൻ വായിച്ചു പഠിച്ചു ഓൺലൈൻ യോഗത്തിൽ അവതരിപ്പിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നായിരുന്നു പ്രതിപക്ഷ വാദം. ബി.ജെ.പി നേതാവ് വിനോദ് പൊള്ളഞ്ചേരിയും സമാന നിലപാടെടുത്തു. എന്നാൽ യോഗം നിശ്ചിത രീതിയിൽ മുന്നോട്ടുപോകുമെന്നു മേയർ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയത്തിനതീതമായി പൂർണ പിന്തുണ നൽകിയിട്ടും പ്രതിപക്ഷ കൗൺസിലർമാരോട് കടുത്ത അവഗണനയാണ് കാട്ടുന്നതെന്ന് രാജൻ.ജെ.പല്ലൻ കുറ്റപ്പെടുത്തി. നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ, പ്രതിപക്ഷ ഉപനേതാവ് ഇ.വി. സുനിൽരാജ് എന്നിവർ പിന്തുണച്ചു. കൊവിഡ് പോസിറ്റീവായവരുടെ വീടുകൾ ശുചീകരിക്കുന്നതിന് സന്നദ്ധ സംഘടനകൾക്ക് പി.പി.ഇ കിറ്റ് നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സമൂഹ അടുക്കളയടക്കമുള്ള കാര്യങ്ങളിൽ രാഷ്ട്രീയ പരിഗണന കാട്ടുന്നതിനെ പ്രതിപക്ഷം എതിർത്തു. കൗൺസിലിൽ ഭരണപക്ഷം 25, കോൺഗ്രസ് 24, ബി.ജെ.പി 6 എന്നിങ്ങനെയാണ് കക്ഷിനില.