തൃശൂർ: ജില്ലക്ക് ആശ്വാസമായി കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. ശരാശരി പതിനായിരത്തോളം പേരെ പരിശോധിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം ഉണ്ട്. കൂടുതൽ ടെസ്റ്റുകൾ ജില്ലയിൽ നടത്തുന്നുവെന്നതും ആശ്വാസം ആണ്. ഇന്നലെ 14064 പേരെ പരിശോധിച്ചതിൽ നിന്നും 3282 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 23.34 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 33.07 ശതമാനമായിരുന്നു തിങ്കളാഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം തൃശൂരിനൊപ്പം കണ്ണൂരാണ് ടെസ്റ്റ് പോസറ്റീവ് നിരക്കിൽ ഏറ്റവും മുന്നിൽ ഉണ്ടായത്. തിങ്കളാഴ്ച നടത്തിയ 9917 പരിശോധനയിൽ 3280 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 4147 കൂടുതൽ പേരിൽ പരിശോധന നടത്തിയെങ്കിലും രണ്ടു രോഗികളുടെ വർദ്ധനയേ ഉണ്ടായിട്ടുള്ളൂ. ഇത് ആശ്വാസകരമാണെന്ന നിഗമനമാണ് ആരോഗ്യ വകുപ്പിന്.
അപകടം മനസിലാക്കി ജനം
അപകടത്തിന്റെ ഗൗരവം മനസിലാക്കി ജനം പ്രതികരിക്കുന്നതായാണ് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം. എന്നാൽ ചുരുക്കം ചിലരുടെ പെരുമാറ്റച്ചട്ട ലംഘനം കാര്യങ്ങൾ അപടകത്തിലാക്കുമെന്ന വിലയിരുത്തലുണ്ട്. അതുകൊണ്ട് തന്നെ നിരത്തുകളിൽ അനാവശ്യമായി ഇറങ്ങുന്നവരെയും ചട്ടം ലംഘിച്ച് കടതുറക്കുന്നവരെയും ഇതര ലോക്ക് ഡൗൺ ലംഘനത്തിനും കർശനമായ നടപടി സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതിനിടെ ലോക്ക് ഡൗൺ തുടങ്ങി നാലു ദിവസങ്ങൾ പിന്നിട്ടിട്ടും നിരക്ക് കുറയാൻ സമയമായില്ലെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ രോഗമുള്ളവരിൽ നിന്നും പകർച്ച കുറച്ചുനാൾ കൂടി തുടരും. പുതിയ രോഗങ്ങൾ ഇല്ലാതാവുന്നതിന് ചുരങ്ങിയത് 10 ദിവസമെങ്കിലും വേണ്ടിവരും. കഴിഞ്ഞ 11 ദിവസങ്ങൾക്കിടെ ജില്ലയിൽ കോവിഡ് ബാധിതർ 40000ത്തിലേക്ക് എത്തി. 39871 പേർക്കാണ് ഈ ദിവസങ്ങളിൽ രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം 9400 പരിശോധനയാണ് ലക്ഷ്യമായിരുന്നത്. എന്നാലിത് 9917 ആയി ഉയർന്നു. 105.5 ശതമാനമാണ് പരിശോധന ലക്ഷ്യം നേടിയത്. അതിനിടെ കഴിഞ്ഞ അഞ്ചു ദിവസങ്ങൾക്കുള്ളിൽ ഇരുനൂറോളം പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. ഞായറാഴ്ച്ച മാത്രം നാൽപതോളം മരണങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും സർക്കാർ വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് 16 മരണങ്ങൾ മാത്രമാണ്. തിങ്കളാഴ്ച ഇത് മുപ്പതിൽ അധികവുമാണ്.