forest
പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസ്.

തൃശൂർ: ജില്ലയിലെ നാല് ഫോറസ്റ്റ് സ്‌റ്റേഷനുകൾ അടച്ചുപൂട്ടി. പൂങ്ങോട്, അകമല, പൊങ്ങണംകാട്, വാണിയമ്പാറ സ്റ്റേഷനുകളുടെ പ്രവർത്തനമാണ് നിറുത്തലാക്കിയത്. പീച്ചി വനം ഡിവിഷൻ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അടച്ചുപൂട്ടിയ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. തൃശൂർ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള പത്ത് സ്റ്റേഷനുകൾ ആറാക്കി ചുരുക്കി ഇവിടെയുള്ള ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിയാണ് പീച്ചി ഡിവിഷൻ വിപുലീകരിക്കുന്നത്.

പീച്ചി ഡിവിഷനിൽ രണ്ട് സ്റ്റേഷനുകളും ഔട്ട് സ്റ്റേഷനുകളുമാണ് ഉണ്ടായിരുന്നത്. ഇത് ആറാക്കി വികസിപ്പിക്കുകയാണ്. അതിന്റെ ഭാഗമായാണ് കാലങ്ങളായി പ്രവർത്തിച്ചിരുന്ന നാല് സ്റ്റേഷനുകൾക്ക് താഴ് വീണത്. പൂങ്ങോട്, അകമല ഫോറസ്റ്റ് സ്റ്റേഷനുകൾ വടക്കാഞ്ചേരി റെയ്ഞ്ചിന് കീഴിലും വാണിയമ്പാറ, പൊങ്ങണംകാട് സ്റ്റേഷനുകൾ പട്ടിക്കാട് റെയ്ഞ്ചിന് കീഴിലുമാണ്.

ഈ വനമേഖലയിലെ ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾക്ക് വനംവകുപ്പിന്റെ നടപടി പ്രതികൂലമാകും.

അകലുമോസേവനം?

സ്റ്റേഷനുകൾ അടച്ചുപൂട്ടിയതിനാൽ കാട്ടുതീ, വന്യ ജീവി ആക്രമണം തുടങ്ങിയവയ്ക്ക് യഥാസമയം പരിഹാരമുണ്ടാകില്ലെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. കൂടാതെ വനംകൊള്ളയും വ്യാജ ചാരായ വാറ്റും മൃഗവേട്ടയും അധികരിക്കുമെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഓരോ ഫോറസ്റ്റ് സ്‌റ്റേഷനുകളിലും 30 ലേറെ ചന്ദന, മൃഗ കുറ്റകൃത്യങ്ങൾക്ക് കേസുകളെടുത്തിട്ടുണ്ട്. ഈ കേസുകളുടെ അന്വേഷണങ്ങളും സ്‌റ്റേഷനുകൾ നിർത്തിയതോടെ അവതാളത്തിലാകും. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന് കീഴിൽ കോടികൾ മുടക്കി നടപ്പിലാക്കുന്ന ചിറ്റണ്ട ചെറുചക്കി ചോല ഇക്കോ ടൂറിസം പദ്ധതിക്കും ഈ നടപടി പ്രതികൂലമാകുമെന്നാണ് ആശങ്ക.

ഷിഫ്ടിംഗ് സ്വഭാവിക നടപടി, പൂട്ടിയിട്ടില്ല

നാല് സ്റ്റേഷനുകള്‍ പീച്ചി വനം ഡിവിഷനിലേക്ക് ഷിഫ്റ്റ് ചെയ്തതാണെന്നും അടച്ചുപൂട്ടിയിട്ടില്ലെന്നുമാണ് വനംവകുപ്പ് അധികൃതരുടെ വിശദീകരണം. സ്വാഭാവിക നടപടി മാത്രമാണിത്. നാല് സ്റ്റേഷനുകളിലെ ജീവനക്കാരേയും പീച്ചി വനം ഡിവിഷനിലേക്ക് മാറ്റിയിട്ടുണ്ട്. മേയ് 1 മുതല്‍ പീച്ചി വനം ഡിവിഷന്‍ പുനഃസംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്ഴിഞ്ഞതായും പറയുന്നു.