cremation

തൃശൂർ: ജില്ലയിൽ കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ കൊവിഡ് ബാധിച്ചു മരിച്ചത് 530 ഓളം പേർ. ജില്ലയിലെ മെഡിക്കൽ കോളേജ്, മറ്റ് സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപതികൾ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ചു രോഗ വ്യാപനം ഏറെ ഉണ്ടായിരുന്ന മേയ് 1 മുതൽ 11 വരെ 527 പേരാണ് മരിച്ചത്.

അതേ സമയം സർക്കാരിന്റെ കൊവിഡ് ജാഗ്രത വെബ് സൈറ്റിൽ ഈ ദിവസങ്ങളിൽ 115 പേരുടെ മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരിച്ചവരിൽ പകുതിയിൽ ഏറെ പേർ അറുപതു വയസിനു മുകളിൽ പ്രായമുള്ളവരാണ്. ഈ ദിവസത്തിനുള്ളിൽ 375 പേരാണ് 60 വയസിനു മുകളിൽ പ്രായമുള്ളവർ മരിച്ചത്.

ഒരു ദിവസം പ്രായമുള്ള നവജാത ശിശു മുതൽ 110 വയസുള്ള വൃദ്ധൻ വരെ കൊവിഡ് വൈറസിന് കീഴടങ്ങിയെന്ന് കേരളകൗമുദി നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ജില്ലയിൽ കൊവിഡ് മരണം രേഖപ്പെടുത്തിയത് മുതൽ മേയ് 11 വരെ ആരോഗ്യ വകുപ്പിന്റെ സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന മരണം 691 മാത്രം.

കൊവിഡിന് പുറമെ മറ്റു ഗുരുതര രോഗം ഉള്ളവരെയും ചികിത്സിക്കുന്ന മെഡിക്കൽ കോളേജിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. അതേസമയം സ്വകാര്യ ആശുപത്രികളിൽ നിന്നടക്കം മരണം സംബന്ധിച്ചു കൃത്യമായ വിവരം ആരോഗ്യ വകുപ്പിന് ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. മരിക്കുന്നവരിൽ ഭൂരിഭാഗവും 50 വയസിനു മുകളിലുള്ളവരാണ്.

സർക്കാർ വെബ് സൈറ്റിൽ ഒരാൾ പോലും മരിച്ചിട്ടില്ലെന്ന് രേഖപ്പെടുത്തിയ മേയ് നാലിന് 41 പേരാണ് വിവിധ ആശുപത്രികളിൽ മരിച്ചത്. മേയ് ഒമ്പതിനാണ് ഈ മാസം ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. സ്വകാര്യ ആശുപത്രികൾ, പ്രാഥമികരോഗ്യ കേന്ദ്രങ്ങൾ, ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിലായി 58 പേരാണ് മരിച്ചത്. ചൊവ്വാഴ്ച മരിച്ച 52 പേരിൽ 12 പേർ സ്വകാര്യ ആശുപത്രികളിലായിരുന്നു.

ജില്ലയിൽ മേയ് ഒന്ന് മുതൽ 11 വരെ മരിച്ചവരുടെ കണക്കും സർക്കാർ വെബ്സൈറ്റിൽ രേഖപെടുത്തിയ കണക്കും

മേയ് 1.......53....21

മേയ് 2.......42......14

മേയ് 3......38.......7

മേയ്..4....41....0

മേയ് 5...39...14

മേയ് 6......52....6

മേയ് 7.....50....6

മേയ് 8... 49.....13

മേയ് 9.....58....16

മേയ് 10......53....7

മേയ് 11....52.....11


ജില്ലയിൽ ഇതുവരെ സർക്കാർ രേഖപെടുത്തിയ മരണം - 691

മേയ് ഒന്ന് മുതൽ 12 വരെ ജില്ലയിൽ രേഖപ്പെടുത്തിയ പോസിറ്റീവ് കേസുകൾ - 43,7955

ജില്ലാ മെഡിക്കൽ ഓഫീസിൽ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ചാണ് മരണ നിരക്ക് തയ്യാറാക്കി അയക്കുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് വരെയുള്ള കണക്കാണ് വൈകിട്ട് പ്രസിദ്ധീകരിക്കുന്നത്. അതിനാൽ ചില ഏറ്റകുറച്ചിലുകൾ ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്.

- ഡോ. കെ. ജെ. റീന, ഡി.എം.ഒ