തൃശൂർ: ജില്ലയിൽ മഴക്കാലത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി തുടർനടപടികൾ ചർച്ച ചെയ്യുന്നതിന് യോഗം ചേർന്നു. കാനകൾ വൃത്തിയാക്കൽ, ചാലുകളിലെ നീരൊഴുക്കിന്റെ തടസ്സം മാറ്റൽ, വഴിയോരങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ നീക്കംചെയ്യൽ, മലയോര പ്രദേശങ്ങൾ ആദിവാസി കോളനികൾ എന്നിവിടങ്ങളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കൽ എന്നിവ ഓരോ പഞ്ചായത്ത്, നഗരസഭ തലത്തിലും വിലയിരുത്തി.
റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട് ഏറ്റെടുത്തിട്ടുള്ള 29 പ്രവൃത്തികളിൽ പകുതിയിലധികം പൂർത്തിയാക്കുകയും ബാക്കി നടന്നുവരികയുമാണ്. നബാർഡിന്റെ 49 സൈറ്റുകളിൽ പ്രവൃത്തികൾ നടക്കുന്നു. ഫ്‌ളഡ് കൺട്രോൾ, റോഡുകളുടെ പുനരുദ്ധാരണം, പുനരുജ്ജീവനം എന്നീ പ്രവൃത്തികളാണ് നടക്കുന്നത്. മഴ ശക്തമാകുമ്പോഴേക്കും പ്രവൃത്തികൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലയിലെ 1457 വാർഡുകളിലായി ആക്ഷൻ പ്ലാൻ മുഖേന 1660 പ്രവർത്തികൾ പഞ്ചായത്ത് തലത്തിൽ നടന്നുവരുന്നുണ്ട്. കോൾ പാഠങ്ങളിലെ ജലസേചന ചാലുകളിൽ അടിഞ്ഞുകൂടിയ കളകൾ നീക്കം ചെയ്യുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും ഇത്തരം കാര്യങ്ങളിൽ ജാഗരൂകരായിരിക്കാൻ ഹസാഡ് അനലിസ്റ്റ് സുസ്മി നിർദേശിച്ചു.
മേയ് 14, 15 തിയ്യതികളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് സ്വീകരിച്ച നടപടികൾ യോഗത്തിൽ ചർച്ചയായി. നിലവിൽ ജില്ലയിലെ യാനങ്ങളൊന്നും കടലിൽ ഇല്ല. മറ്റു യാനങ്ങൾ മേയ് 12ന് വൈകിട്ട് 6 മണിയോടെ തിരിച്ചെത്താൻ അറിയിപ്പ് നൽകിയിട്ടുണ്ട്. തീരദേശ മേഖലകളിൽ ശുചിത്വ മാപ്പിംഗ്, വാർഡ് തല സമിതികൾ വഴി അറിയിപ്പുകൾ നൽകാനും യോഗം നിർദ്ദേശിച്ചു. താലൂക്ക് തലത്തിൽ ഉടനടി ഐ.ആർ.എസ് യോഗം ചേരാനും മുന്നൊരുക്ക പ്രവർത്തനങ്ങൾക്കായി ഫയർഫോഴ്‌സിന്റെ സിവിൽ ഡിഫൻസ് വളണ്ടിയർമാരെ ഉപയോഗപ്പെടുത്താമെന്നും ഡെപ്യൂട്ടി കളക്ടർ പ്രദീപ് അറിയിച്ചു.
മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് എ.ഡി.എം റെജി പി. ജോസഫ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടർ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, ജില്ലാ മെഡിക്കൽ ഓഫീസർ കെ.ജെ. റീന, വിവിധ ഡി.എഫ്.ഒമാർ, ഡി.ഡി. പഞ്ചായത്ത്, മണ്ണ് സംരക്ഷണ വകുപ്പ്, ഡി.ഡി. ഫിഷറീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, പൊതുമരാമത്ത് വകുപ്പ്, കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപറേഷൻ, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുതല ഉദ്യോഗസ്ഥരും പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാരും പ്രസിഡന്റുമാരും പങ്കെടുത്തു.