തൃശൂർ: കോർപറേഷന് കീഴിലുള്ള ജനറൽ ആശുപത്രിയിൽ പി.എം. കെയർ ഫണ്ട് ഉപയോഗപ്പെടുത്തി മിനിറ്റിൽ 1000 ലിറ്റർ ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് മേയ് 31നകം നിർമ്മാണം പൂർത്തീകരിച്ച് സമർപ്പിക്കും. വ്യാഴാഴ്ച്ച പ്ലാന്റ് നിർമ്മിക്കാനുള്ള ഭൂമി സിവിൽ ഇലക്ട്രിക്കൽ വർക്ക് നിർമ്മാണത്തിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് കോർപറേഷൻ കൈമാറും.

7 ദിവസത്തിനുള്ളിൽ എൻ.എച്ച്.എ.ഐ സിവിൽ ഇലക്ട്രിക്കൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഓക്‌സിജൻ പ്ലാന്റ് നിർമ്മാണത്തിനായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന് കൈമാറും. മേയ് 31നകം ഓക്‌സിജൻ ഉത്പാദിപ്പിച്ച് ഹോസ്പിറ്റലിന് ലഭിക്കാവുന്ന രീതിയിലാണ് യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണ നിർവ്വഹണം നടത്തുന്നത്.

ഭൂമി വിട്ടു നൽകുന്നതിനായി മേയർ എം.കെ. വർഗീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവി, അസിസ്റ്റന്റ് സെക്രട്ടറി വിനു കൃഷ്ണൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് മേൽനടപടി അടിയന്തരമായി പൂർത്തീകരിക്കുന്നതിന് സൂപ്രണ്ടിംഗ് എൻജിനിയറെ ചുമതലപ്പെടുത്തി.