ചാലക്കുടി: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ആദിവാസി ഊരുകളും ഉൾപ്പെട്ടതോടെ പ്രതിരോധ പ്രവർത്തനങ്ങൾ സൂക്ഷ്മവും ശക്തവുമാക്കി അതിരപ്പിള്ളി പഞ്ചായത്ത്. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് മുൻപെ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ പുറത്തു നിന്നള്ളവർക്ക് പ്രവേശനം നിരോധിച്ചിരുന്നു. വാഴച്ചാൽ കോളനിയിൽ മാത്രമാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതെങ്കിലും മറ്റു പതിമൂന്നു കോളനികളും അതീവ ജാഗ്രതയിലുമാക്കി. ഒന്നിടവിട്ട ദിവസങ്ങളിൽ ആരോഗ്യ വകുപ്പ് ജീവനക്കാർ ക്രമപ്രകാരം കോളിനികൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ആവശ്യാനുസരണം ആർ.ആർ.ടി പ്രവർത്തകർ മുഖേനെ മരുന്നുകളും നൽകുകയാണ്. ഭക്ഷ്യ സാധങ്ങൾ വിതരണം ചെയ്യുന്നതിന് സപ്ലൈസിന്റെ വാഹനം എല്ലാ ആഴ്ചയിലും കോളനികളിലെത്തും. വിവിധ വകുപ്പു ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് അധികൃതർക്കുമാണ് മേഖലയിലേക്ക് പ്രവേശനമുള്ളത്. വാഴച്ചാൽ കാടർ കോളനിയിൽ ഇതുവരെ 30 പേർക്കാണ് കൊവിഡ് 19 പിടിപെട്ടത്. 19 പേർക്ക് ഇതിനകം രോഗം ഭേദമായി. മറ്റു പതിനൊന്നു പേരെ വെറ്റിലപ്പാറ ട്രൈബൽ ഹോസ്റ്റലിലെ ഡി.സി.സി കേന്ദ്രത്തിലാണ് ചികിത്സിക്കുന്നത്. പൊരിങ്ങൽക്കുത്ത് കോളനിയിൽ നിരീക്ഷണത്തിലുള്ള മൂന്നു ആദിവാസികൾ വാഴച്ചാലിലെ ട്രൈബൽ ഹോസ്റ്റലിലും കഴിയുന്നു. കോളനികൾ തോറും ഇടവിട്ട് ആന്റിജൻ ടെസ്റ്റുകളും നടത്തുന്നുണ്ട്. പഞ്ചായത്ത് ഭരണ സമിതിയുടെ പിന്തുണയോടെ വെറ്റിലപ്പാറയിലെ ഡൊമിസിലിയർ കെയർ സെന്റർ അതീവ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്ന് ആർ.ടി.ടി ടീം ക്യാപ്ടൻ അജയ് ജനാർദ്ദനൻ പറഞ്ഞു. എംഗൽസ് തോമസാണ് കോഡിനേറ്റർ.