വാടാനപ്പിള്ളി: ചേറ്റുവ അഴിമുഖം മുതൽ ഏങ്ങണ്ടിയൂർ പൊക്കൊളങ്ങര ബീച്ച് വരെ കടലാക്രമണം രൂക്ഷം. അറുപതിലധികം വീടുകളിൽ വെള്ളം കയറി. വാടാനപ്പിള്ളി ബീച്ച്, പൊക്കാഞ്ചേരി, തമ്പാൻകടവ് എന്നിവിടങ്ങളിലും കടൽ പ്രക്ഷുബ്ധമാണ്.

പൊക്കാഞ്ചേരിയിൽ 5 വീടുകൾ വെള്ളത്തിലായി. ചേറ്റുവായിൽ കഴിഞ്ഞ ദിവസം മരിച്ച ഈച്ചരൻ കുഞ്ഞിമോളുടെ കുടുംബം ബന്ധു വീട്ടിലേക്ക് താമസം മാറ്റി. മൃതദേഹം സംസ്‌കരിച്ചതിന്റെ അവശിഷ്ടങ്ങൾ ഒഴുകിപ്പോകാതിരിക്കാൻ മണൽത്തിട്ട കെട്ടി സംരക്ഷണകവചം ഒരുക്കുകയാണ് കുടുംബം.

ഇന്നലെ രാവിലെ ആരംഭിച്ച കടലാക്രമണം വൈകീട്ടും തുടരുകയാണ്. പ്രദേശത്ത് കൊവിഡ് രോഗികൾ ഉള്ളത് നാട്ടുകാരുടെ ആശങ്ക വർദ്ധിപ്പിക്കുന്നു.