ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ കടക്ഷോഭം രൂക്ഷമായി. പഞ്ചായത്തിലുള്ള ആശുപത്രി വളവ്, അഞ്ചങ്ങാടി വളവ്, മൂസാ റോഡ്, വെളിച്ചെണ്ണപ്പടി, മുനക്കക്കടവ് അഴിമുഖം ഭാഗങ്ങളിലാണ് കടൽ ക്ഷോഭം ഉണ്ടായത്. തിരമാല ആർത്തുലച്ച് വന്നതോടെ കടൽവെള്ളം തീരദേശ റോഡ് കവിഞ്ഞൊഴുകി. പലയിടത്തും കരിങ്കൽ ഭിത്തി തകർന്നു കിടക്കുകയാണ്. ഭിത്തി തകർന്ന ഭാഗങ്ങളിലാണ് ശക്തമായ കടലേറ്റം അനുഭവപ്പെട്ടത്. കടലിൽ നിന്നും 100 മീറ്ററോളം ദൂരത്തിൽ കരയിലേക്ക് വെള്ളം ആഞ്ഞടിച്ചതോടെ കടലോരവാസികൾ പരിഭ്രാന്തരായി. കരിങ്കൽ ഭിത്തി തകർന്ന ഭാഗങ്ങൾ അറ്റകുറ്റ പണി നടത്താതിരുന്നതാണ് വെള്ളം കയറാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. കൊവിഡ് സാഹചര്യത്തിൽ രണ്ടു ദിവസമായി ഉണ്ടായ കടക്ഷോഭം നാട്ടുകാരിൽ ഭയവും ആശങ്കയും ഉണ്ടാക്കി. കൊവിഡും പ്രോട്ടോക്കോളും മറന്ന് പ്രദേശത്തിലുള്ള യുവാക്കൾ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അധികൃതർ സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.