maram

തൃശൂർ : കനത്ത മഴയിൽ ജില്ലയിൽ പരക്കെ നാശം. ഇന്നും കനത്ത മഴ തുടരുകയാണ്. നിരവധി സ്ഥലങ്ങളിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലം പതിച്ചു. മണ്ണുത്തി നെല്ലങ്കരയിൽ ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണു. ആളപായം ഇല്ല.

കുതിരാനൻ ഇരുമ്പ് പാലത്തിന് സമീപം ലോറിക്ക് മുകളിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. ചേർപ്പ് പടിഞ്ഞാട്ട് മുറിയിൽ ഓടിട്ട വീട് തകർന്നു വീണു. തെക്കിനിയേടത്ത് വാസുവിന്റെ വീടാണ് തകർന്ന് വീണത്. ഓട് വീണ് വാസുവിന് നിസാര പരിക്കേറ്റു. കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കുട്ടൻ കുളത്തിന്റെ മതിൽ തകർന്നു വീണു.വ്യാപകമായ കൃഷി നാശവും ഉണ്ടായിട്ടുണ്ട്. കൊവിഡ് വ്യാപനത്തിനിടയിൽ ആണ് ശക്തമായ മഴ നാശം വിതക്കുന്നത്.

തെക്കുംകര പഞ്ചായത്തിൽ പുന്നംപറമ്പൽ മേഖലിൽ വിരിപ്പ് കൃഷി ഇറക്കിയ കർഷകർ ആശങ്കയിൽ ആണ്. രണ്ടാഴ്ച്ചയെ ആയിട്ടുള്ളൂ വിത്തിറക്കിയിട്ട്. കാട്ടകാമ്പലിൽ കൊയ്ത്തെടുക്കാറായ നെല്ല് ചെടികൾ വെള്ളത്തിനടിയിലായി. എക്കർ കിണക്കിന് സ്ഥലത്തെ നെൽ കൃഷിയാണ് നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നത്.

ചാവക്കാട് കടൽക്ഷോഭം തുടരുന്നു

ചാവക്കാട് തീരദേശ മേഖലകളിൽ കടൽക്ഷോഭം തുടരുകയാണ്. ആളുകളെ മാറ്റി താമസിപ്പിച്ചു കടപ്പുറം പഞ്ചായത്തിലെ തീരമേഖലയിലും ചാവക്കാട് പുത്തൻകടപ്പുറത്തും കടൽ ക്ഷോഭം രൂക്ഷം. കടപ്പുറം പഞ്ചായത്തിൽ അഴിമുഖം മുതൽ ലൈറ്റ് ഹൗസ് വരെയുള്ള മേഖലകളിൽ നിരവധി വീടുകളിൽ വെള്ളം കയറി. പൊലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ തീരമേഖലയിലെ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കടപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലാണ് ഇവർക്കുള്ള ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. ഇന്നലെ രാത്രി ഉണ്ടായ കാറ്റിൽ തീര മേഖലയിൽ നിരവധി മരങ്ങൾ കടപ്പുഴകി. കേരള കൗമുദി ചാവക്കാട് ലേഖകൻ മുകുന്ദൻ തേർളിയുടെ വീട്ടു വളപ്പിലെ കടപ്ലാവ് കടപ്പുഴകി വീണു. വീണ മരത്തിൽ പോത്തിനെ കെട്ടിയിരുന്നു എങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. തീരദേശ പാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാർ ആണ് മരം വെട്ടി മാറ്റിയത്.

തീരദേശത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കൊടുങ്ങല്ലൂർ താലൂക്കിന്റെ തീരമേഖലയിൽ കടൽക്ഷോഭം ശക്തമായതോടെ തീരദേശ പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. എറിയാട് പഞ്ചായത്തിൽ ഒന്നും എടവിലങ്ങ് പഞ്ചായത്തിൽ രണ്ടും ശ്രീനാരായണപുരം പഞ്ചായത്തിൽ ഒന്നും വീതമാണ് ക്യാമ്പുകൾ തുറന്നത്. നാല് ക്യാമ്പുകളിലായി 83 ആളുകൾ താമസമാരംഭിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ താമസിക്കാനെത്തുന്നവർക്ക് ആന്റിജൻ ടെസ്റ്റ് നടത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരെ ഡി.സി.സി, സി.എഫ്.എൽ.ടി.സി എന്നിവിടങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കും.എടവിലങ്ങ് പഞ്ചായത്തിലെ കാര ഫിഷറീസ് സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ 10 കുടുംബങ്ങളിലായി 32 അംഗങ്ങളുണ്ട്. ഇതിൽ 12 പേർ പുരുഷന്മാരും 14 പേർ സ്ത്രീകളും ആറ് പേർ കുട്ടികളുമാണ്. എടവിലങ്ങ് കാര സെൻറ് ആൽബന സ്കൂളിൽ 7 കുടുംബങ്ങളിലായി 27 പേർ. 12 പുരുഷൻമാരും 9 സ്ത്രീകളും 6 കുട്ടികളും.എറിയാട് പഞ്ചായത്തിലെ ഐ.എം യു.പി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ ഏഴു കുടുംബങ്ങളിലായി 21 അംഗങ്ങൾ. 10 പുരുഷന്മാരും 10 സ്ത്രീകളും ഒരു കുട്ടിയും. ശ്രീനാരായണപുരം പഞ്ചായത്തിൽ പടിഞ്ഞാറെ വെമ്പല്ലൂർ എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾ മാത്രമാണ് നിലവിൽ താമസമാരംഭിച്ചിരിക്കുന്നത്. കടലേറ്റം തുടർന്നാൽ കൂടുതൽ പേർ ക്യാമ്പുകളിലെത്തുമെന്നാണ് പ്രതീക്ഷ. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ രോഗഭീതി മൂലം കൂടുതൽ ആളുകളും ക്യാമ്പിലേക്ക് പോകാതെ ബന്ധുവീടുകളിലാണ് അഭയം തേടുന്നത്. എറിയാട് പഞ്ചായത്തിലെ ചന്ത കടപ്പുറം, ആറാട്ടുവഴി, ലൈറ്റ് ഹൗസ്, എടവിലങ്ങ് പഞ്ചായത്തിലെ പുതിയ റോഡ്, കാര വാക്കടപ്പുറം, ശ്രീനാരായണപുരം പഞ്ചായത്തിലെ ശ്രീകൃഷ്ണ മുഖം ക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. വ്യാഴാഴ്ച ആരംഭിച്ച കടൽക്ഷോഭം ഇന്നും തുടരുകയാണ്. മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ മത്സ്യബന്ധനത്തിന് ആരും തന്നെ കടലിലിറങ്ങിയിരുന്നില്ല. എറിയാട് ഒരു വീട് ഭാഗികമായും എടവിലങ്ങിൽ ഒരു ക്ഷേത്രവും കടലാക്രമണത്തിൽ തകർന്നു. നിരവധി വീടുകൾ വെള്ളത്തിലായി. എറിയാട് കാര്യേഴത്ത് ഗിരീഷിന്റെ വീടാണ് തകർന്നത്. എടവിലങ്ങ് കാര വാക്കടപ്പുറം ചോറ്റാനിക്കര ദേവി ക്ഷേത്രവും കടലാക്രമണത്തിൽ തകർന്നു. കടൽഭിത്തി കടന്നെത്തിയ തിര ഒരു കിലോമീറ്ററിലധികം പ്രദേശത്ത് വെള്ളക്കെട്ട് സൃഷ്ടിച്ചു. ജിയോ ബാഗ് തടയണ തകർന്നതിനെ തുടർന്നാണ് ജനവാസ മേഖലയിൽ വേലിയേറ്റമുണ്ടായത്.