വാടാനപ്പിള്ളി: ശക്തമായ മഴയും വേലിയേറ്റവും മൂലം പടിഞ്ഞാറൻ മേഖലയിലുണ്ടായ വെള്ളക്കെട്ടുകൾ രൂക്ഷമാകുന്നതിന് മുമ്പേ പൊക്കാഞ്ചേരി സ്ലൂയിസ് തുറന്നുവിട്ടു. തളിക്കുളം അറപ്പത്തോട് മുതൽ വടക്കോട്ടും, എൻ.എച്ച് 66ന്റെ പടിഞ്ഞാറ് ഭാഗം തൃത്തല്ലൂർ വരെയുള്ള പ്രദേശങ്ങളിലെയും വെള്ളം ഓർക്കായൽ വഴി പൊക്കാഞ്ചേരി പുഴയിലാണ് ചേരുക. ഇതിന് കുറുകെ സ്ഥാപിച്ചതായിരുന്നു പൊക്കാഞ്ചേരി സ്ഥിരം സ്ലൂയിസ്. ഒന്നാം പ്രളയ സമയത്താണ് സ്ലൂയിസ് പൂർണമായും തുറന്നിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, വാർഡ് മെമ്പർ എ.ടി ഷബീറലി, സി.എം നിസാർ എന്നിവർ നേതൃത്വം നൽകി.