yogam
ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉന്നതതല യോഗത്തിൽ സംസാരിക്കുന്നു.

കൊടുങ്ങല്ലൂർ: കയ്പമംഗലം മണ്ഡലത്തിൽ പ്രകൃതിക്ഷോഭവും കൊവിഡ് വ്യാപനവും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നിയുക്ത എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്റർ ഉന്നതതല യോഗം വിളിച്ചുചേർത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, പൊലീസ് എന്നീ വകുപ്പുകളിലെ അധികൃതർ പങ്കെടുത്തു. കടൽക്ഷോഭം ശക്തമായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങളും,​ ക്യാമ്പുകളും,​ ആവശ്യമായ ഭക്ഷണ സംവിധാനവും,​ മെഡിക്കൽ സംവിധാനവും ഉൽപ്പെടെയുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കിയിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റുമാർ അറിയിച്ചു. നിലവിൽ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലായി 4,870 രോഗ ബാധിതരും,​ 121 കൊവിഡ് മരണങ്ങളുമാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. വെള്ളപ്പൊക്കവും കടൽക്ഷോഭവും രൂക്ഷമായ സഹചര്യത്തിൽ ആവശ്യമായ സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൊവിഡ് രോഗികൾ കൂടുന്നതിനാൽ മതിലകത്ത് സി.എഫ്.എൽ.ടി സെന്റർ വേഗത്തിലാക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാം ഓരോരുത്തരും സ്വയം വളണ്ടിയറായി മാറുകയും കൂടുതൽ ജാഗ്രത പാലിക്കണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു. ഓൺലൈനായി നടന്ന യോഗത്തിൽ മതിലകം ബ്ലോക്ക് പ്രസിഡന്റ് സി.കെ ഗിരിജ, വൈസ് പ്രസിഡന്റ് സി.എസ് സലീഷ്, മെഡിക്കൽ ഓഫീസർ സാനു പരമേശ്വരൻ, മതിലകം എസ്.ഐ സുജിത്ത്,​ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പി.എച്ച്.സി ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.