houses-were-flooded

കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്‌കൂളിനടുത്ത് മഴയെ തുടർന്ന് വീടുകളും കൃഷിസ്ഥലവും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിൽ

ചാവക്കാട്: മൂന്നു ദിവസമായി തുടർച്ചയായി പെയ്യുന്ന ശക്തിയായ മഴയെ തുടർന്ന് നിരവധി വീടുകൾ വെള്ളത്തിലായി. പല സ്ഥലങ്ങളിൽ കൃഷി നാശം സംഭവിച്ചു. കടപ്പുറം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തൊട്ടാപ്പ് ഫോക്കസ് സ്‌കൂളിന് അടുത്തുള്ള നിരവധി വീടുകൾ മഴയെ തുടർന്ന് വെള്ളത്താൽ ചുറ്റപെട്ടു. ഇടക്കിടെ ഉണ്ടാവുന്ന കാറ്റിൽ മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് വൈദ്യുതി ലൈനുകൾ തകരാറിലാവുകയും റോഡുകളിൽ വാഹന തടസവുമുണ്ടായി. കറുകമാട് ഭാഗത്ത് പുഴയോരത്ത് താമസിക്കുന്ന പലരുടെയും വീടുകളിലേക്ക് വെള്ളം കയറി. ചേറ്റുവ കോട്ട ഭാഗത്തും, ചിപ്‌ളിമാട്, മാടകായി, മന്നത്ത് കോളനി, ചേറ്റുവ പടന്ന എന്നിവിടങ്ങളിലും പല വീട്ടുകാർക്കും ദുരിതം അനുഭവപ്പെട്ടു. ചേറ്റുവ ഒന്നാം വാർഡിലെ വെള്ളം ഒഴിഞ്ഞ് പോകാൻ വേണ്ടി വാർഡ് മെമ്പർ ഓമന സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ മാടക്കായിലുള്ള ചീപ്പിന്റെ പലക തുറന്ന് വിട്ട് വെള്ളം ഒഴുക്കി കളഞ്ഞു. ഈ നിലക്ക് മഴ തുടർന്നാൽ ചേറ്റുവ പുഴ കവിഞ്ഞ് പുഴയോര പ്രദേശങ്ങളിൽ ഉള്ള വീടുകളിലേക്കും വെള്ളം കയറാൻ സാധ്യത ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കൊവിഡ് ദുരിതമനുഭവിക്കുന്നതിനിടയ്ക്ക് എത്തിയ കാറ്റും മഴയും കടൽക്ഷോഭവും തീരദേശങ്ങളിലുള്ളവർക്ക് ഇരട്ട പ്രഹരമായി.