thengu-veenu
പെരിഞ്ഞനം ചക്കരപ്പാടം പുളിപറമ്പിൽ ഷൈനിയുടെ വീടിൻമേൽ മരം വീണ നിലയിൽ

കയ്പമംഗലം: കയ്പമംഗലത്ത് കനത്ത മഴയിൽ കാറ്റിൽ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണ് നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. നിരവധി വീടുകൾ ഭാഗികമായി തകർന്നു. വാഴത്തോട്ടങ്ങളിലും മറ്റ് കൃഷിയിടങ്ങളിലും നാശനഷ്ടമുണ്ടായി.

കയ്പമംഗലം കാഞ്ഞിരപ്പറമ്പിൽ അമ്പലത്തിനടുത്ത് പച്ചാംപുള്ളി പ്രവീണിന്റെ വീട്, പെരിഞ്ഞനം ഓണപ്പറമ്പ് മണപ്പുള്ളി അജേഷിന്റെ വീട്, ചക്കരപ്പാടം പുളിപറമ്പിൽ ഷൈനിയുടെ വീട് എന്നിവയ്ക്ക് കേടുപാട് പറ്റി. പെരിഞ്ഞനം പഞ്ചായത്തിന്റെ കിഴക്കുവശം കൊച്ചിപറമ്പത്ത് ബാബുരാജന്റെ വളപ്പിൽ കൃഷി ചെയ്തിരുന്ന 70 ഓളം കുലവന്നതും വരാറായതുമായ വാഴകൾ നശിച്ചു.

കെ.എസ്.ഇ.ബി കയ്പമംഗലം സെക്‌ഷന് കീഴിൽ മരം വീണ് പത്തോളം വൈദ്യുത തൂണുകൾ ഒടിഞ്ഞു. സർവീസ് വയറുകളും പരക്കെ പൊട്ടി. മേഖലയിലെ കേബിൾ, ഇന്റർനെറ്റ് സർവ്വീസുകൾക്കും നാശനഷ്ടമുണ്ടായി. വൈദ്യുത ബന്ധം പുന:സ്ഥാപിക്കാൻ ഊർജിത ശ്രമം നടക്കുന്നുണ്ട്. കനത്ത മഴയിൽ തോടുകൾ നിറഞ്ഞു തുടങ്ങി. കടലേറ്റത്തിൽ വെള്ളപ്പൊക്കം രൂക്ഷമാകാതിരിക്കാൻ പെരിഞ്ഞനം ആറാട്ടുകടവിൽ അറപ്പ പൊട്ടിച്ചു.

മതിലകം കൂളിമുട്ടം പൊക്ലായ് സെന്ററിൽ കനത്ത കാറ്റിൽ മരം വീണ് മൂന്ന് വൈദ്യുതി തൂണുകൾ ഒടിഞ്ഞു. ബദർ പള്ളിക്ക് സമീപം താണി പീടികയിൽ നാസറിന്റെ വീടിന് മുകളിൽ പുളിമരം വീണ് ഭാഗികമായി തകർന്നു. കയ്പമംഗലം മൾട്ടി ടെക്ക് കേബിൾ നെറ്റ് വർക്കിലെ ഉപകരണങ്ങൾ ഇടിമിന്നലിൽ കത്തിനശിച്ചു. കടൽക്ഷോഭവും രൂക്ഷമാണ്.