പുതുക്കാട്: കുറുമാലി പുഴയുടെ രാപ്പാൾ പള്ളത്ത് പുഴയോരത്ത് ബണ്ട് ഇടിഞ്ഞു. ബണ്ട് സംരക്ഷണത്തിനായി കരിങ്കലു കൊണ്ട് പുഴയിൽ നിന്നും കെട്ടിഉയർത്തിയ ഭാഗമാണ് പുഴയിലേക്ക് ഇടിഞ്ഞത്. കനത്ത മഴയിൽ പുഴ നിറഞ്ഞ് ഒഴുകുകയാണ്.
ഒമ്പത് മാസം മുൻപ് ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച ബണ്ടിന്റെ 35 മീറ്റർ വരുന്ന ഭാഗമാണ് ഇടിഞ്ഞത്. 2018ൽ കാലവർഷത്തിൽ ഇവിടെ ബണ്ട് തകർന്ന് വീടുകളിലേക്ക് വെള്ളം കയറിയിരുന്നു. താഴ്ന്ന പ്രദേശത്ത് കുറുമാലി പുഴയ്ക്കും റോഡിനും ഇടയിലായി താമസിക്കുന്ന 250 കുടുംബങ്ങളാണ് ഇപ്പോൾ ആശങ്കയിലായത്. തകർന്ന പുഴയോരത്തെ ബണ്ടിന്റെ അവശേഷിക്കുന്ന ഭാഗവും ഏതു സമയത്തും പുഴയെടുക്കുമെന്ന നിലയിലാണ്. കരിങ്കൽ കെട്ടിയ ബണ്ടിനോട് ചേർന്ന് മണ്ണിട്ട് ബലപ്പെടുത്തിയ ഭാഗത്ത് വിള്ളൽ വീണതും ആശങ്കക്കിടയാക്കുന്നുണ്ട്. പുഴയിലെ കുറുമാലി ഇറിഗേഷൻ ബണ്ട് കടവും തകർച്ചാ ഭീഷണിയിലാണ്. മഴ ശക്തമായി തുടർന്നാൽ അവശേഷിക്കുന്ന ബണ്ടുകൂടി തകരുമെന്നും കുടുംബങ്ങൾ വെള്ളത്തിലാകുമെന്ന സ്ഥിതിയുമാണുള്ളത്.
എന്നാൽ അടിയന്തരമായി പുഴയോരത്തെ ബണ്ട് താത്കാലികമായി പുനർനിർമിക്കാൻ നടപടിയെടുത്തതായി പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അറിയിച്ചു. ഇതിനായി ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് മറ്റത്തൂർ ലേബർ സൊസൈറ്റിയെ ചുമതല ഏൽപ്പിച്ചു. പുഴയിൽ മുള സ്ഥാപിച്ച് മണൽചാക്കുകൾ നിറച്ച് ബണ്ട് പണിയുമെന്നും പ്രസിഡന്റ് അറിയിച്ചു.