കൊടുങ്ങല്ലൂർ: ട്രിപ്പിൾ ലോക്ക് ഡൗൺ തലേന്ന് കോട്ടപ്പുറം മാർക്കറ്റിൽ ആവശ്യ സാധനം വാങ്ങാൻ വന്നവരുടെ വൻതിരക്ക്. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇന്ന് അർദ്ധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് കടക്കുമ്പോഴാണ് ഇന്നലെ കോട്ടപ്പുറം മാർക്കറ്റിൽ തിരക്ക് അനുഭവപ്പെട്ടത്.

സാധാരണ ഞായറാഴ്ച ദിവസങ്ങളിൽ കോട്ടപ്പുറം മാർക്കറ്റിലെ കച്ചവട സ്ഥാപനങ്ങൾ തുറക്കാറില്ല. എന്നാൽ മാർക്കറ്റിലെ ആവശ്യവസ്തുക്കൾ വിൽക്കുന്ന കടകളാണ് ട്രിപ്പിൾ ലോക്ക് ഡൗണിന്റെ തലേ ദിവസം തുറന്നു പ്രവർത്തിച്ചത്. കൊവിഡിന്റെ ഒന്നാം ഘട്ട വ്യാപനത്തിൽ കൊടുങ്ങല്ലൂർ നഗരസഭ അധികൃതർ കോട്ടപ്പുറം മാർക്കറ്റിൽ വ്യാപനം തടയാൻ ആവുന്നത്ര ശ്രമിച്ചിരുന്നതാണ്. മാർക്കറ്റിന്റെ പ്രവേശന കവടങ്ങളിലെല്ലാം പൊലീസിനെ നിയോഗിക്കുകയും മാർക്കറ്റിൽ കൊവിഡ് മാനദണ്ഡം പാലിക്കാൻ കർശന സംവിധാനം ഒരുക്കുകയും ചെയ്തിരുന്നു.

എന്നാൽ കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനം തുടരുമ്പോഴും നഗരസഭ അധികൃതർ മാർക്കറ്റിനെ അവഗണിക്കുകയാണെന്ന് പരാതിയുണ്ട്. ചന്ത ദിവസങ്ങളിൽ ആളുകൾ സാമൂഹിക അകലം പോലും പാലിക്കാതെയാണ് നിരത്തുകളിലും കടകൾക്കു മുമ്പിലും നിൽക്കുന്നത്. മാസ്‌കിന്റെ ശരിയായ ഉപയോഗം, സാനിറ്റൈസറിന്റെ ലഭ്യത ഇതൊന്നും ഉറപ്പുവരുത്താൻ അധികൃതർ ശ്രദ്ധിക്കുന്നില്ല. മാർക്കറ്റ് ദിവസം പൊലീസിന്റെ സാന്നിദ്ധ്യവും തീരെയില്ല.