തൃശൂർ: മൂന്നരക്കോടിയുടെ കുഴൽപ്പണക്കേസിൽ അറസ്റ്റിലായ 19 പ്രതികളുടെയും തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായതോടെ രാഷ്ട്രീയ ബന്ധമുള്ളവരെ പ്രതി ചേർക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം തേടും. അറസ്റ്റിലായവരുടെ മൊഴികളും തെളിവും നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസിൽ പുതിയ പ്രതികളെ ഉൾപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
ഇതിൽ പ്രമുഖ ദേശീയ പാർട്ടിയുടെ അംഗങ്ങളുമുണ്ടാകുമെന്നാണ് വിവരം. ഇതിനായി അന്വേഷണ സംഘം നാളെ ഓൺലൈനിൽ യോഗം ചേരും. ചില നേതാക്കൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. കൊടകരയിൽ കാർ തട്ടിക്കൊണ്ടുപോയി അതിലുണ്ടായിരുന്ന 25 ലക്ഷം കവർന്നെന്നായിരുന്നു പരാതി. കോഴിക്കോട്ടെ വ്യാപാരിയായ ധർമ്മരാജിന്റെ പരാതിയിൽ അന്വേഷണം നടത്തിയ കൊടകര പൊലീസിന് പ്രതികളിൽ നിന്ന് മാത്രം 47.5 ലക്ഷം കണ്ടെത്താനായി. ഇതോടെയാണ് കേസിന് കുഴൽപ്പണവുമായി ബന്ധമുണ്ടെന്ന് അറിഞ്ഞത്.
കേസ് ആദ്യ ഘട്ടത്തിൽ അന്വേഷിച്ച റൂറൽ എസ്.പി. ജി. പൂങ്കുഴലി പണത്തിന്റെ ഉടമ ധർമരാജനാണെന്നും ഇദ്ദേഹം ആർ.എസ്.എസ്. പ്രവർത്തകനാണെന്നും പണം കൊടുത്ത് വിട്ടത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായികാണെന്നും വെളിപ്പെടുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പായിരുന്നു പണം കവർന്നത്.