പാവറട്ടി: കനത്ത മഴയിൽ കെ.എൽ.ഡി.സി കനാലിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് ഇടിയഞ്ചിറ റെഗുലേറ്ററിലെ 3 ഷട്ടറുകൾ തുറന്നു. ഏനാമാവ് റെഗുലേറ്ററിലെ 5 ഷട്ടറുകളും തുറന്ന് വെള്ളം ഒഴുക്കിവിടുന്നുണ്ട്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് തുടങ്ങിയതോടെയാണ് ഏനാമാവ് റെഗുലേറ്ററിലെ അഞ്ച് ഷട്ടറുകൾ ഉയർത്തിയത്.

സമീപത്തെ വളയംകെട്ടിന്റെ വടക്കുഭാഗവും പൊട്ടിച്ചിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമാകുന്നതിന് മുമ്പ് ഷട്ടറുകൾ തുറക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകിയിരുന്നു. കെ.എൽ.ഡി.സി കനാലിലും സമീപ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം മുയർന്നതിനെ തുടർന്നാണ് ഇറിഗേഷൻ അധികൃതർ എത്തി ഇടിയഞ്ചിറ റെഗുലേറ്ററിലെ ഷട്ടറുകൾ ഉയർത്തിയത്. ക്രെയിൻ ഉപയോഗിച്ചാണ് മൂന്ന് ഷട്ടറുകൾ ഉയർത്തിയത്. വളയംബണ്ടിന്റെ മദ്ധ്യഭാഗവും തെക്കുഭാഗവും പൊട്ടിച്ചിട്ടുണ്ട്.

ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർ റഫീക്ക ബീവി, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ എം. ഷീജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ചാന്ദ്‌നി വേണു, ശ്രീദേവി ജയരാജൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ഷട്ടറുകൾ തുറന്നത്.