തൃശുർ: വിവിധ വകുപ്പുകൾ തമ്മിലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം ലക്ഷ്യമിട്ട് പഞ്ചായത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതല ക്രൈസിസ് മാനേജ്മെന്റ് ടീമിന് രൂപം നൽകി. ജില്ലകളിൽ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് ക്രൈസിസ് മാനേജ്മെന്റ് ടീം പ്രവർത്തിക്കുന്നത്. പത്ത് പഞ്ചായത്തുകൾക്ക് ഒരു ഉദ്യോഗസ്ഥൻ എന്ന കണക്കിൽ ടീമുകളിൽ അംഗങ്ങളുണ്ടാകും.
വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, പഞ്ചായത്ത് തല പ്രതിരോധ പ്രവർത്തനം, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായം നൽകൽ, പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട പഞ്ചായത്തുകളിലും വിഷയങ്ങളിലും സമയബന്ധിതമായി ഇടപെടൽ നടത്തൽ, സർക്കാർ ഉത്തരവുകളും മാർഗ നിർദ്ദേശങ്ങളും കൃത്യമായി നടപ്പിലാക്കുന്നതിന് സഹായം നൽകൽ എന്നിവയാണ് ടീമിലൂടെ ലക്ഷ്യമിടുന്നത്.
ക്രൈസിസ് മാനേജ്മെന്റ് ടീമിനുവേണ്ടിയുള്ള കാര്യശേഷി വികസന പരിശീലനം കില നൽകി. ഓൺലൈനായി നടത്തിയ പരിശീലനത്തിൻ 120 ഉദ്യോഗസ്ഥർ പങ്കെടുത്തു. പഞ്ചായത്ത് ഡയറക്ടർ ഡോ. പി.കെ ജയശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു. കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, ഹരിത കേരളം കൺസൾട്ടന്റ് എൻ. ജഗജീവൻ, കില റിസോഴ്സ് പേഴ്സൺ സി. നന്ദകുമാർ, കില ഡെപ്യൂട്ടി ഡയറക്ടർ പി.എം ഷഫീക് എന്നിവർ സംസാരിച്ചു.