lock

തൃശൂർ: ജില്ലയിൽ കൊവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക് ഡൗൺ തുടങ്ങി. അനുവദനീയമായ ആളുകൾക്ക് മാത്രമേ പുറത്തിറങ്ങാൻ സാധിക്കൂ. ഇന്നലെ രാത്രിയോടെ തന്നെ ജില്ലാ അതിർത്തികൾ അടച്ചു പൂട്ടിയിരുന്നു. പ്രധാന റോഡുകളിലേക്കുള്ള ഇടവഴികളും അടച്ചു കെട്ടിയിട്ടുണ്ട്. ഇന്ന് പുലർച്ചെ മുതൽ തന്നെ വാഹന പരിശോധന ആരംഭിച്ചു. പുലർച്ചെ തന്നെ പൊലീസിന്റെ കണ്ണ് വെട്ടിച്ച് ജോലിക്കും മറ്റും പോയവരെ പൊലീസ് പിടികൂടി നടപടി എടുത്തു.

ജില്ലയിൽ കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ മാത്രം അര ലക്ഷത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണവും ഏറിയിരുന്നു. ഈ മാസം മാത്രം 650 ലേറെ മരണം ആണ്‌ ജില്ലയിൽ ഉണ്ടായിട്ടുള്ളത്. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക മരണ റിപ്പോർട്ട്‌ 200 ൽ താഴെ മാത്രമാണ്. കൊവിഡ് പോസറ്റീവ് ആണെങ്കിലും മറ്റ് അസുഖങ്ങൾ ഉണ്ടെങ്കിൽ അത് കൊവിഡ് മരണ നിരക്കിൽ ഉൾപെടുത്തില്ല എന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം. രോഗ വ്യാപനവും മരണവും കൂടിയതിന്റെ അടിസ്ഥാനത്തിലാണ്‌ വ്യാപനം കുറക്കാൻ സംസ്ഥാനത്തെ നാലു ജില്ലകളിൽ ഒന്നായി തൃശൂർ മാറിയത്. ട്രിപ്പിൾ ലോക് ഡൗൺ നടപ്പാക്കാൻ 2500 ലേറെ പോലീസുകാരെ ആണ്‌ വിന്യസിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമെ ആർ.ആർ.ടി, വാർഡ് തല സമിതികൾ എന്നിവരും രംഗത്ത് ഉണ്ട്. നഗരത്തിൽ 24 ചെക്ക് പോസ്റ്റുകൾ ആണ്‌ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ പോസ്റ്റുകളിലും അഞ്ചു വീതം പൊലീസുകാരെ ആണ്‌ നിയോഗിച്ചിരിക്കുന്നത്.

ഈ മാസം ടെസ്റ്റ്‌ പോസറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെ എത്തിക്കാൻ സാധിച്ചിട്ടില്ല. അതേ സമയം രണ്ടു തവണ ടെസ്റ്റ്‌ പോസറ്റിവിറ്റി നിരക്ക് 33 ശതമാനത്തിൽ അധികം എത്തുകയും ചെയ്തു. കഴിഞ്ഞ മാസം 1.7 ശതമാനം ആയിരുന്നു ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്.