dam

തൃശൂർ: കഴിഞ്ഞ മൂന്നു ദിവസമായി തകർത്തു പെയ്യുന്ന മഴക്ക് ശമനം. ജില്ലയിൽ ഇന്ന് ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത്. കടൽക്ഷോഭത്തിന്റെ ശക്തിയും കുറഞ്ഞു. തീരദേശത്തു 200 ഓളം കുടുംബങ്ങളെ രണ്ടു ദിവസത്തിനുള്ളിൽ മാറ്റി പാർപ്പിക്കേണ്ടി വന്നു. കൊടുങ്ങല്ലൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ നാശം മഴയെ തുടർന്ന് ഉണ്ടായത്. എവിടെ മാത്രം എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരുന്നു.

ജലനിരപ്പിൽ ആശങ്ക

കാലവർഷത്തിന് മുൻപ് തന്നെ ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. പെരിങ്ങൽക്കുത്ത് അണക്കെട്ടിൽ ജലനിരപ്പ് 419 മീറ്ററിലേക്ക് എത്തിയതിന് തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. 419.41 മീറ്ററിനു മുകളിലേക്ക് ജലനിരപ്പ് ഉയർന്നാൽ സ്പിൽവേ ഷട്ടറുകൾ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും. ശക്തമായ മഴയേ തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിരുന്നു.

വെള്ളം തുറന്നു വിടുന്നതിനാൽ ചാലക്കുടി പുഴയുടെ ഇരു കരയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 424 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. ജില്ലയിലെ മറ്റ് പ്രധാന ഡാമുകളായ വാഴാനി, പീച്ചി, ചിമ്മിനി, പൂമല, അസുരൻ കുണ്ട് ഡാമുകളിൽ എല്ലാം രണ്ടു ദിവസമായി പെയ്ത മഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. അതേ സമയം, കാലാവർഷത്തിന് മുൻപ് തന്നെ ജല നിരപ്പ് ഉയർന്നത് കൂടുതൽ ആശങ്കയാണ് ഉണ്ടാക്കുന്നത്. 31നുള്ളിൽ തന്നെ കാലവർഷം എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. കാലവർഷം ശക്തി പ്രാപിച്ചാൽ ഉടൻ തന്നെ ഡാമുകൾ നിറയുകയും തുറക്കേണ്ട സാഹചര്യം ഉണ്ടാകും. കഴിഞ്ഞ മാസം കുടിവെള്ളത്തിനായി ഡാമുകളിൽ നിന്ന് വെള്ളം തുറന്നു വിട്ടിരുന്നു. മെയ് പകുതിയോടെ കടുത്ത കുടിവെള്ളക്ഷാമം ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് വെള്ളം തുറന്നു വിടണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിനിടയിലാണ് ന്യൂനമർദ്ദത്തെ തുടർന്നുള്ള മഴ ലഭിച്ചത്.