കൊടുങ്ങല്ലൂർ: ന്യൂനമർദ്ദത്തെ തുടർന്ന് രണ്ടു ദിവസമായി കൊടുങ്ങല്ലൂരിന്റ തീരദേശത്ത് വീശിയടിച്ച കാറ്റിലും കനത്ത മഴയിലും കടൽക്ഷോഭത്തിലും കരുതലായി അഗ്‌നി രക്ഷാ സേന. വെള്ളിയാഴ്ച ഉച്ചമുതൽ ഞായറാഴ്ച വരെ വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു ഇവർക്ക്. കൊവിഡ് ഭീതിയെ തുടർന്ന് മൂന്നിൽ ഒന്ന് ജീവനക്കാരുമായാണ് സേന പ്രവർത്തിക്കുന്നതെങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ മാതൃകാപരമായ ഇടപെടലാണ് സേന നടത്തിയത്. 206 പേരെയാണ് സേനയുടെ ആംബുലൻസിലും ജീപ്പിലുമായി സുരിക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയത്. ഈ ദിവസങ്ങളിൽ എട്ടോളം സ്ഥലങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടത് നീക്കുകയും ചെയ്തു. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലെ കടൽവെള്ളം കയറിയ വീടുകളിൽ നിന്നും സ്ത്രീകളെയും പ്രായമായവരെയും മറ്റും സേനയുടെ റബ്ബർ ഡിങ്കി ഉപയോഗിച്ച് രക്ഷപ്പെടുത്തി സുരക്ഷിത ക്യാമ്പുകളിൽ എത്തിച്ചു. ചിലരെയെല്ലാം അവരുടെ ബന്ധുക്കളുടെ വീടുകളിലേക്കും മാറ്റി. വീടിന്റെ മുകളിൽ മരം വീണത് മുറിച്ചു മാറ്റി. അവധിയിൽ പോയ മുഴുവൻ ജീവനക്കാരെയും വിളിച്ചു വരുത്തിയായിരുന്നു പ്രവർത്തനം. സമീപ സ്റ്റേഷനുകളായ ചാലക്കുടി നിലയത്തിലെ ആംബുലൻസും സേനാംഗങ്ങളും മാള നിലയത്തിലെ റബ്ബർ ഡിങ്കി ഉൾപ്പെടെയുള്ള വാഹനവും സേനാംഗങ്ങളും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. കൊടുങ്ങല്ലൂർ അഗ്‌നി രക്ഷാ നിലയയത്തിന്റെ കീഴിലുള്ള 20ഓളം വരുന്ന സിവിൽ ഡിഫൻസ് അംഗങ്ങളും ഇ.ആർ. എഫ് അംഗങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ സഹകരിച്ചു. സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ്ജ് സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ എം.എൻ സുധന്റ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്.